സർക്കിൾ മഹിളാ കമ്മറ്റി യോഗം 04-07-2024 ന് തൃശൂർ പി & ടി സൊസൈറ്റി ഹാളിൽ ചേർന്നു. 23 സഖാക്കൾ യോഗത്തിൽ പങ്കെടുത്തു. മലപ്പുറം, സിജിഎംടി, കോട്ടയം ജില്ലകളിൽ നിന്നും പങ്കാളിത്തം ഉണ്ടായില്ല. യോഗം എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. സർക്കിൾ വൈസ് പ്രസിഡണ്ട് കെ.ശ്യാമള അധ്യക്ഷത വഹിച്ച യോഗത്തിൽ സർക്കിൾ മഹിളാ സബ് കമ്മറ്റി കൺവീനർ ബീനാ ജോൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വർക്കിംഗ് വുമൺ കോർഡിനേഷൻ കമ്മറ്റി അഖിലേന്ത്യാ കൺവീനർ കെ.എൻ ജ്യോതിലക്ഷ്മി, അഖിലേന്ത്യാ ഓർഗ്ഗനൈസിങ് സെക്രട്ടറിയും സംസ്ഥാന പ്രസിഡണ്ടുമായ പി.മനോഹരൻ, വൈസ് പ്രസിഡന്റ് കെ. രേഖ, തൃശൂർ ജില്ലാ സെക്രട്ടറി കെ.ആർ. കൃഷ്ണദാസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സർവ്വീസിൽ നിന്നും വിരമിച്ച അഖിലേന്ത്യാ കൺവീനർ കെ എൻ ജ്യോതിലക്ഷ്മി, അഖിലേന്ത്യാ ജോയിൻ്റ് കൺവീനറായിരുന്ന വി ഭാഗ്യലക്ഷ്മി, സംസ്ഥാന വൈസ് പ്രസിഡണ്ടും കണ്ണൂർ ജില്ലാ മഹിളാ കമ്മറ്റി കൺവീനറുമായ കെ.ശ്യാമള, തൃശൂർ ജില്ലാ മഹിളാ കമ്മറ്റി കൺവീനർ എ മഹേശ്വരി, കോട്ടയം ജില്ലാ മഹിളാ കമ്മറ്റി കൺവീനറും മഹിളാ കമ്മറ്റി അംഗവുമായിരുന്ന കെ എസ് ഗീത എന്നിവർക്ക് സർക്കിൾ മഹിളാ കമ്മറ്റി സ്വീകരണം നൽകി. സ്വീകരണം ഏറ്റു വാങ്ങിയ സഖാക്കൾ തുടർന്നുള്ള സംഘടനാ പ്രവർത്തനത്തിന് മാർഗ്ഗനിർദ്ദേശം നൽകി ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന സംഘടനാ ചർച്ചയിൽ മുഴുവൻ സഖാക്കളും സജീവമായി പങ്കെടുത്ത് സംസാരിച്ചു. സാർവ്വദ്ദേശിയ, ദേശീയ സാഹചര്യങ്ങൾ , ബിഎസ്എൻഎൽ നേരിടുന്ന പ്രതിസന്ധി, ശമ്പള പരിഷ്ക്കരണം, മഹിളാ ജീവനക്കാരുടെ തനതായ പ്രശ്നങ്ങൾ, ജീവനക്കാരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ, സർവ്വീസ് വിഷയങ്ങൾ, പ്രത്യേകിച്ച് ബില്ലിംഗ്, CRM വിഷയങ്ങൾ, മഹിളാ രംഗത്തെ പ്രവർത്തനം, ബിഎസ്എൻഎൽ മേഖലയിലെ മഹിളാ ജീവനക്കാരുടെ ഐക്യം ശക്തിപ്പെടുത്തൽ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. സ്ഥിരമായി മഹിളാ കമ്മറ്റി യോഗം വിളിച്ചു ചേർക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പുതിയ അംഗങ്ങളെ സംഘടനയിൽ ചേർക്കുന്നതിനുള്ള പ്രവർത്തനത്തിൽ മഹിളാ ജീവനക്കാർ സജീവമായി പങ്കെടുക്കണമെന്ന് യോഗം തീരുമാനിച്ചു. സംഘടന ആഹ്വാനം ചെയ്യുന്ന പ്രക്ഷോഭ പരിപാടികളിൽ മുഴുവൻ മഹിളാ അംഗങ്ങളെയും അണിനിരത്താൻ ആവശ്യമായ പ്രവർത്തനം മഹിളാ കമ്മറ്റി ഏറ്റെടുക്കണം. സംഘടന ആഹ്വാനം ചെയ്ത സാമ്പത്തിക സമാഹരണം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. സർക്കിൾ വൈസ് പ്രസിഡണ്ട് കെ രേഖ നന്ദി രേഖപ്പെടുത്തി.