ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം 2026 ജനുവരി 31, ഫെബ്രുവരി 1 തിയ്യതികളിൽ മംഗലാപുരത്ത് ചേർന്നു. മുതിർന്ന നേതാവ് വി എ എൻ നമ്പൂതിരി ദേശീയ പതാകയും അഖിലേന്ത്യാ പ്രസിഡന്റ് എം വിജയകുമാർ സംഘടനയുടെ രക്ത പതാകയും ഉയർത്തിയതോടെ പ്രവർത്തക സമിതി യോഗം ആരംഭിച്ചു. മംഗലാപുരം ജില്ലാ സെക്രട്ടറി തൻവീർ പാഷ സ്വാഗതം ആശംസിച്ചു.
ജനറൽ സെക്രട്ടറി അനിമേഷ് മിത്ര അഖിലേന്ത്യാ യൂണിയന് വേണ്ടി എല്ലാവരേയും സ്വാഗതം ചെയ്യുകയും പ്രവർത്തക സമിതി യോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. യോഗത്തിൽ അഖിലേന്ത്യാ പ്രസിഡൻ്റ് എം വിജയകുമാർ അധ്യക്ഷത വഹിച്ചു. പ്രവർത്തക സമിതി യോഗം എംപ്ലോയീസ് യൂണിയൻ സ്ഥാപക ജനറൽ സെക്രട്ടറി വിഎഎൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രാധാന്യവും കേന്ദ്ര സർക്കാർ തുടരുന്ന ജനവിരുദ്ധ – തൊഴിലാളി വിരുദ്ധം നയങ്ങളും സഖാവ് ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. ബിഎസ്എൻഎൽ മേഖലയിൽ പണിമുടക്കം വിജയിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും സഖാവ് വിശദീകരിച്ചു. അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറിയും കർണ്ണാടക സർക്കിൾ സെക്രട്ടറിയുമായ എച്ച് വി സുദർശൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എഐബിഡിപിഎ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ആർ മുരളീധരൻ നായർക്ക് പ്രവർത്തക സമിതി സ്വീകരണം നൽകി. അദ്ദേഹം പ്രവർത്തക സമിതിയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സിഐടിയു ദേശീയ സെക്രട്ടറി എസ് വരലക്ഷ്മി പ്രവർത്തക സമിതിയിൽ പങ്കെടുത്ത് ലേബർ കോഡിൻ്റെ വിവിധ വശങ്ങളെ കുറിച്ചും ഫെബ്രുവരി 12 ൻ്റെ പണിമുടക്കിൻ്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു. ജനറൽ സെക്രട്ടറി അനിമേഷ് മിത്ര പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഫെബ്രുവരി 12 പണിമുടക്കിൽ പങ്കെടുക്കാനുള്ള കേന്ദ്ര സെക്രട്ടറിയേറ്റ് തീരുമാനം സഖാവ് പ്രവർത്തക സമിതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു.
ശമ്പള പരിഷ്ക്കരണ വിഷയത്തിൽ നടന്ന സമീപകാല സംഭവവികാസങ്ങൾ അദ്ദേഹം വിശദീകരിച്ചു. നോൺ എക്സിക്യൂട്ടീവ് ജീവനക്കാരോട് മാനേജ്മെൻ്റ് കാണിക്കുന്ന വിവേചനം, യുപി വെസ്റ്റ് സർക്കിളിലെ സംഘടനാ പ്രശ്നങ്ങൾ, അഖിലേന്ത്യാ യൂണിയൻ്റെ സാമ്പത്തിക സ്ഥിതി, മാർച്ച് 7 ന് ഡൽഹിയിൽ നടക്കുന്ന കരാർ തൊഴിലാളി കൺവെൻഷൻ, BSNL WWCC കൺവെൻഷൻ എന്നിവ അദ്ദേഹം റിപ്പോർട്ട് ചെയ്തു. ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിന് ശേഷം ചർച്ച ആരംഭിച്ചു. എല്ലാ പ്രവർത്തക സമിതി അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. കേരളത്തിൽ നിന്നും സർക്കിൾ അസിസ്റ്റൻ്റ് സെക്രട്ടറി പി എസ് അജിത്ത് ശങ്കർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
യോഗം താഴെപ്പറയുന്ന തീരുമാനങ്ങൾ കൈ കൊണ്ടു: –

(1) ഫെബ്രുവരി 12 ന് നടക്കുന്ന പൊതു പണിമുടക്ക് .

ഫെബ്രുവരി 12 ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചു.
പണിമുടക്ക് പ്രചരണത്തിൻ്റെ ഭാഗമായി എല്ലാ ജീവനക്കാർക്കും
ലഘുലേഖകൾ വിതരണം ചെയ്യണം.
എല്ലാ സ്ഥലങ്ങളിലും പ്രവർത്തക യോഗങ്ങളും വിശദീകരണ യോഗങ്ങളും നടത്തണം. കൂടാതെ കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്യുന്ന പ്രചരണ പരിപാടികളിലും പങ്കാളികളാകണം.

(2) ശമ്പള പരിഷ്ക്കരണം.

ശമ്പള പരിഷ്ക്കരണത്തിൽ ഉണ്ടായ പുരോഗതി വിലയിരുത്തുകയും അംഗീകാരം നേടിയെടുക്കാൻ ഒറ്റയ്ക്കും കൂട്ടായും ഇടപെടണമെന്നും തീരുമാനിച്ചു.

(3) നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ പ്രശ്നങ്ങളും സർവ്വീസ് വിഷയങ്ങളും.

നോൺ എക്സിക്വീട്ടീവ് ജീവനക്കാരുടെ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മാനേജ്മെൻ്റ് കാണിക്കുന്ന അലംഭാവം യോഗം ചർച്ച ചെയ്തു. കൂടാതെ മൊബൈൽ , ഫൈബർ, മറ്റ് സർവ്വീസ് മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും പ്രവർത്തക സമിതി ചർച്ച ചെയ്തു. ഇക്കാര്യത്തിൽ ഉചിതമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചു.

(4) BSNL CCWF കൺവെൻഷൻ.

BSNL CCWF കൺവെൻഷൻ മാർച്ച് 7 ന് ഡൽഹിയിൽ നടക്കും. കൺവെൻഷനിൽ എംപ്ലോയീസ് യൂണിയൻ പ്രതിനിധികളെ പങ്കെടുപ്പിക്കാനും സാമ്പത്തിക സമാഹരണത്തിൽ സഹകരിക്കാനും തീരുമാനിച്ചു.

(5) BSNL WWCC കൺവെൻഷനൻ.

BSNL WWCC കൺവെൻഷനൻ മാർച്ച് 28ന് മുംബൈയിൽ നടത്താൻ തീരുമാനിച്ചു. മഹിളാ സഖാക്കളെ പങ്കെടുപ്പിക്കാൻ സർക്കിൾ യൂണിയനുകൾ മുൻകൈയെടുക്കണം.

(6) സംഘടനാ പ്രശ്നങ്ങൾ.

യുപി വെസ്റ്റ് സർക്കിൾ സമ്മേളനത്തിൽ ഉണ്ടായ പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചു. അഖിലേന്ത്യാ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.

(7) BSNLEU സ്ഥാപക ദിനം.

സ്ഥാപക ദിനമായ മാർച്ച് 22 വിപുലമായ രീതിയിൽ ആചരിക്കാൻ തീരുമാനിച്ചു. സിൽവർ ജൂബിലി വർഷത്തിൽ വ്യത്യസ്ഥ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

(മ) അഖിലേന്ത്യാ യൂണിയൻ്റെ സാമ്പത്തിക സ്ഥിതി.

അഖിലേന്ത്യാ യൂണിയൻ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ വിശദമായി ചർച്ച ചെയ്തു. ഈ പ്രശ്നത്തെ മറികടക്കാനുള്ള വഴികളും മാർഗ്ഗങ്ങളും ചർച്ച ചെയ്തു. സാമ്പത്തിക സമാഹരണം ഉൾപ്പെടെയുള്ള തീരുമാനങ്ങൾ പ്രവർത്തക സമിതി കൈകൊണ്ടു.