അടുത്തിടെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് കുത്തനെ ഉയർത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ, 4G, 5G സേവനങ്ങൾ ഉടനടി ആരംഭിക്കാൻ കമ്പനിയെ പ്രാപ്തരാക്കിക്കൊണ്ട് സർക്കാർ BSNL-നെ ശക്തിപ്പെടുത്തണമെന്ന് വിവിധ മേഖലയിൽ നിന്നും ആവശ്യം ഉയരുകയാണ്. ഇതുമായി ബന്ധപ്പെട്ട്, ഇന്ത്യയിലെ പ്രധാന കേന്ദ്ര ട്രേഡ് യൂണിയനുകളിലൊന്നായ സിഐടിയുവിൻ്റെ ജനറൽ സെക്രട്ടറി സ.തപൻ സെൻ ബഹുമാനപ്പെട്ട കമ്മ്യൂണിക്കേഷൻസ് മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തെഴുതി. ബിഎസ്എൻഎൽ 4G, 5G സേവനങ്ങൾ ലഭ്യമല്ലാത്തതിനാൽ സ്വകാര്യ കമ്പനികൾക്ക് അവരുടെ താരിഫ് കുത്തനെ വർദ്ധിപ്പിക്കാൻ കഴിഞ്ഞതായി തപൻസെൻ ചൂണ്ടിക്കാട്ടി. ബിഎസ്എൻഎല്ലിൻ്റെ 4ജി സേവനം ഉടൻ ആരംഭിക്കാനും 5ജിയിലേക്ക് സമയബന്ധിതമായി നവീകരിക്കാനും സർക്കാർ ഇടപെടൽ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മന്ത്രി തലത്തിൽ ആവശ്യമായ ഇടപെടൽ നടത്തിയ സിഐടിയുവിന് എംപ്ലോയീസ് യൂണിയൻ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.