ഏകീകൃത പെൻഷൻ പദ്ധതി (UPS) – എന്താണ് അർത്ഥമാക്കുന്നത് ?
പുതിയ പെൻഷൻ പദ്ധതി എന്നറിയപ്പെടുന്ന ദേശീയ പെൻഷൻ പദ്ധതി (NPS) നടപ്പിലാക്കിയത് മുതൽ, പഴയ പെൻഷൻ പദ്ധതി (OPS) പുനഃസ്ഥാപിക്കുന്നതിനായി കേന്ദ്രസർക്കാർ ജീവനക്കാർ നിരന്തരമായി ശബ്ദമുയർത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങളും മറ്റ് പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 24-08-2024-ന് കേന്ദ്രമന്ത്രിസഭ ഏകീകൃത പെൻഷൻ പദ്ധതി (UPS) എന്ന മറ്റൊരു പെൻഷൻ പദ്ധതിക്ക് അംഗീകാരം നൽകിയത്.
പഴയ പെൻഷൻ സ്കീമിന് കീഴിൽ (OPS) എല്ലാ മാസവും ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പെൻഷൻ സംഭാവനയിലേക്ക് തുക ഈടാക്കിയിരുന്നില്ല. കൂടാതെ, റിട്ടയർമെൻ്റിനുശേഷം, ജീവനക്കാരന് അവസാനമായി ലഭിച്ച ശമ്പളത്തിൻ്റെ 50% പെൻഷനായി ലഭിക്കും. എന്നാൽ NPS പ്രകാരം, ശമ്പളത്തിൻ്റെ 10% എല്ലാ മാസവും ശമ്പളത്തിൽ നിന്ന് പെൻഷൻ സംഭാവനയായി ഈടാക്കുന്നു. കൂടാതെ, വിരമിക്കുമ്പോൾ ശമ്പളത്തിൻ്റെ 50% പെൻഷനായി ലഭിക്കും എന്നതിന് ഒരു ഗ്യാരണ്ടിയും ഇല്ല.
ഇപ്പോൾ, യുപിഎസിനു കീഴിലും, ശമ്പളത്തിൻ്റെ 10% ജീവനക്കാരുടെ പെൻഷൻ വിഹിതമായി ശമ്പളത്തിൽ നിന്ന് ഈടാക്കുന്നത് തുടരും. കൂടാതെ, യുപിഎസിനു കീഴിൽ വിരമിക്കുമ്പോൾ ജീവനക്കാരന് 50% ഉറപ്പുള്ള പെൻഷൻ ലഭിക്കുമെന്ന് പ്രസ്താവിച്ചിട്ടുണ്ടെങ്കിലും, അത് 25 വർഷം സർവീസ് പൂർത്തിയാക്കിയ ജീവനക്കാർക്ക് മാത്രമായിരിക്കും. ഉദാഹരണത്തിന് 20 വർഷത്തെ സർവീസ് പൂർത്തിയാക്കിയ ഒരു ജീവനക്കാരന് ശമ്പളത്തിൻ്റെ 40% മാത്രമേ പെൻഷനായി ലഭിക്കൂ. ഒ.പി.എസിൽ 20 വർഷത്തെ സേവനത്തിന് പോലും മുഴുവൻ പെൻഷനും നൽകിയിരുന്നു. മാത്രമല്ല, കുടുംബ പെൻഷൻ്റെ കാര്യത്തിൽ യു.പി.എസിനു കീഴിൽ വലിയ അനീതിയാണ് കാണിക്കുന്നത്. പെൻഷൻകാർക്ക് ലഭിക്കുന്ന പെൻഷൻ്റെ 60% മാത്രമായിരിക്കും കുടുംബ പെൻഷൻ. 50% ൻ്റെ 60% അർത്ഥമാക്കുന്നത്, അവസാനമായി ലഭിച്ച ശമ്പളത്തിൻ്റെ 30% മാത്രമേ കുടുംബ പെൻഷനായി ലഭിക്കുകയുള്ളു. ഒപിഎസ് പ്രകാരം ഓരോ 10 വർഷത്തിനും ശേഷം പെൻഷൻ പരിഷ്കരിക്കും. എന്നാൽ, UPS-ന് കീഴിൽ പെൻഷൻ പരിഷ്ക്കരണത്തിന് വ്യവസ്ഥയില്ല.