ബിഎസ്എൻഎൽ ജീവനക്കാരും പെൻഷൻകാരും കരാർ തൊഴിലാളികളും നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി സംസ്ഥാന കൺവെൻഷൻ സംഘടിപ്പിച്ചു. ബിഎസ്എൻഎല്ലിനെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക, BSNL ൽ നിന്നും ഉപഭോക്താക്കൾ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നത് തടയുക, 4G /5G സേവനം ഉടൻ ആരംഭിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ തകർത്ത്കോ ർപറേറ്റുകൾക്ക്കൈ മാറാനുള്ള നീക്കം ഉപേക്ഷിക്കുക, നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ
പദ്ധതിയിലൂടെ രാജ്യത്തിന്റെ ആസ്തികൾ വിറ്റഴിക്കാനുള്ള നടപടികൾ അവസാനിപ്പിക്കുക, ബിഎസ്എൻഎൽ ശമ്പളപരിഷ്ക്കരണം നടപ്പിലാക്കുക, പെൻഷൻ പരിഷ്ക്കരണം ഉടൻ നടത്തുക, കരാർ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുക, പിരിച്ചുവിടൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. എറണാകുളം വൈഎംസിഎ ഹാളിൽ നടന്ന കൺവെൻഷൻ സിഐടിയു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. എഐബിഡിപിഎ ജനറൽ സെക്രട്ടറി കെ.ജി.ജയരാജ്, വിഎഎൻ നമ്പൂതിരി, അലി അക്ബർ, കെ.എൻ.ജ്യോതി ലക്ഷ്മി, എൻ.സുരേഷ്, കെ.മോഹനൻ, പി.മനോഹരൻ, ആർ. മുരളീധരൻ നായർ, എംജിഎസ് കുറുപ്പ് എന്നിവർ സംസാരിച്ചു. എൻ. ഗുരുപ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ എം.വിജയകുമാർ സ്വാഗതവും പി.എ.ബാബു നന്ദിയും പറഞ്ഞു.