കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കാൻ BSNL എംപ്ലോയീസ് യൂണിയൻ്റെ സംസ്ഥാന കമ്മിറ്റി നേരത്തേതന്നെ തീരുമാനിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ജില്ലകളിൽ നടന്നിരുന്നു. എന്നാൽ നമ്മൾ ഉദ്ദേശിച്ച രീതിയിൽ സംഭാവന എത്തിക്കുവാൻ കഴിഞ്ഞില്ല.

പ്രതിരോധ വാക്സിനുപോലും വില നിശ്ചയിച്ചുകൊണ്ട് ഈ മഹാമാരി കാലത്ത് ജനങ്ങളുടെ മടിശീല കൊള്ളയടിച്ച് കേന്ദ്ര സർക്കാർ മുന്നോട്ടുപോകുമ്പോൾ, കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് കേരള സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് 19 സംബന്ധിച്ച മുഴുവൻ ചികിത്സയും സൗജന്യമായാണ് കേരള സർക്കാർ നൽകുന്നത്. ഈ സാഹചര്യത്തിൽ വലിയ സാമ്പത്തിക ബാധ്യതയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ട് സർക്കാരിനെ സാമ്പത്തികമായി സഹായിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾ നമ്മൾ വീണ്ടും ഏറ്റെടുക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി സംഭാവന എത്തിക്കുവാൻ ആവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.