ആവശ്യാധിഷ്ഠിത മിനിമം വേതനം നേടിയെടുക്കാൻ കേന്ദ്രസർക്കാർ ജീവനക്കാർ നടത്തിയ ഐതിഹാസികമായ പണിമുടക്ക് ദിനമാണ് 1968 സെപ്തംബർ 19. സൂചനാ പണിമുടക്കിന് ആധാരമായ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം മർദ്ദന മുറകളും പ്രതികാര നടപടികളും സ്വീകരിക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറായത്. പതിനേഴ് സഖാക്കൾ രക്തസാക്ഷികളാവുകയും ആയിരക്കണക്കിന് സഖാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. നിരവധി സഖാക്കളെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. അതിക്രൂരമായാണ് കേന്ദ്ര സർക്കാർ സമരത്തെ നേരിട്ടത്. ഇത്തരം മർദ്ദന മുറകളെ അതിജീവിച്ചു കൊണ്ടാണ് തൊഴിലാളി വർഗ്ഗം മുന്നോട്ടു പോയത്. ഇന്നത്തെ കേന്ദ്രസർക്കാർ തുടരുന്ന തെറ്റായ നയങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളെ തകർച്ചയിലേക്ക് നയിക്കുന്നു. തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ പോലും നിഷേധിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
ഇതിനെതിരായ പോരാട്ടങ്ങൾ ശക്തിപ്പെടുത്താൻ നമുക്ക് പ്രതിജ്ഞ ചെയ്യാം.

രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തു വിവിധ സ്ഥലങ്ങളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.

തിരുവനന്തപുരം: പി & ടി ഹൗസിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. 1968 സമരത്തിൽ പങ്കെടുത്ത മുതിർന്ന നേതാവ് എം.ചന്ദ്രശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. കമലാസനൻ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.ബിന്നി, സി.സന്തോഷ്‌കുമാർ, കെ.ഗോപകുമാർ, ബി.എസ്. വൈശാഖ്, എസ്.പ്രതാപ് കുമാർ, കെ.വി.മനോജ് കുമാർ, മുഹമ്മദ് മാഹീൻ, അശ്വരൂപ് തുടങ്ങിയവർ സംസാരിച്ചു. എം.ജി.മനോജ് സ്വാഗതവും എൻ.വിനോദ് കുമാർ നന്ദിയും പ്രകാശിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പി & ടി ഹൗസിൽ എംപ്ലോയീസ് യൂണിയൻ സർക്കിൾ ട്രഷറർ ആർ.രാജേഷ് കുമാർ പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ സഖാക്കൾ പുഷ്പാർച്ചന നടത്തി.

എറണാകുളം: കെ. പ്രഭാകരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം കെ ജി ബോസ് ഭവനിൽ നടന്ന രക്തസാക്ഷി അനുസ്മരണം സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി ഉൽഘാടനം ചെയ്തു. യോഗത്തിൽ ഫൗണ്ടേഷൻ ട്രസ്റ്റി പി.എസ്. പീതാംബരൻ അധ്യക്ഷത വഹിച്ചു. കെ.മോഹനൻ , ഒ.സി.ജോയി, പി.ജനാർദ്ദനൻ, വി.ആർ അനിൽകുമാർ , പി.എ.ബാബു, മനോജ് തോമസ് (KCEU) എ വി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. രാവിലെ കെ.ജി. ബോസ് ഭവനു മുന്നിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.മോഹനൻ പതാക ഉയർത്തി. യൂണിയന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും നടത്തി.

കണ്ണൂർ: ടെലഫോൺ ഭാവന് മുന്നിൽ സർക്കിൾ പ്രസിഡണ്ട് പി.മനോഹരൻ പതാക ഉയർത്തി.1968ലെ പണിമുടക്കിൽ പങ്കെടുക്കുകയും ശിക്ഷാ നടപടിക്ക് വിധേയമാവുകയും ചെയ്ത സഖാവ് ഏലിയാമ്മ അഭിവാദ്യം ചെയ്തു. എ ഐ ബി ഡി പി എ സംസ്ഥാന പ്രസിഡന്റ് കെ. മോഹനൻ, ശാന്തകുമാർ, രമേശൻ (എൻ എഫ് പി ഇ ), ജില്ലാ സെക്രട്ടറി പി. വി. രാമദാസ് തുടങ്ങിയവർ സംസാരിച്ചു. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കെ.ജി ബോസ് മന്ദിരത്തിൽ ചേർന്ന പൊതുയോഗം കർഷകസംഘം ജില്ലാ സെക്രട്ടറി സ. എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘടനാ നേതാക്കളായ കെ.മോഹനൻ , ശാന്തകുമാർ, പി.മനോഹരൻ, കെ.പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു.

ആലപ്പുഴ: പി&റ്റി സൊസൈറ്റി ഹാളിൽ നടന്ന അനുസ്മരണ യോഗം എഐബിഡിപിഎ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.ജി.ജയരാജ് ഉദ്ഘാടനം ചെയ്തു. കെ.പി കേശവൻ നായർ അദ്ധ്വക്ഷത വഹിച്ചു. എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി.ആർ.ഷാജിമോൻ, എഐബിഡിപിഎ സംസ്ഥാന സെക്രട്ടറി എൻ.ഗുരുപ്രസാദ്, ജില്ലാ സെക്രട്ടറി പി.സുരേന്ദ്രൻ, പി.രാജീവൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

കൊല്ലം: കൊല്ലത്ത് നടന്ന രക്തസാക്ഷി ദിനാചരണ പരിപാടിയിൽ സി ജി പി എ ജില്ലാ പ്രസിഡന്റ് ടി പി രാധാകൃഷ്ണകുമാർ പതാക ഉയർത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ എ ഐ ബി ഡി പി എ ജില്ലാ സെക്രട്ടറി കെ സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. എ ഐ പി ആർ പി എ ജില്ലാ സെക്രട്ടറി
എ. മുരളീധരൻ നായർ, എ ഐ ബി ഡി പി എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം ഡി രാജൻ, എൻ മുരളീധരൻ പിള്ള എന്നിവർ സംസാരിച്ചു.