ലോകസഭയിലും നിയമസഭയിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നിർദ്ദേശിക്കുന്ന
128-ാമത് ഭരണഘടന ഭേദഗതി ബില്ലിനു അംഗീകാരമായി. ലോകസഭയിലും രാജ്യസഭയിലും ഭരണ പ്രതിപക്ഷ അംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെയാണ് ബിൽ പാസാക്കിയത്. ഭരണഘടന ഭേദഗതി ആയതിനാൽ പകുതിയിലേറെ സംസ്ഥാനങ്ങൾ കൂടി ബില്ലിന് അംഗീകാരം നൽകണം. അതിനു ശേഷം രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ മാത്രമേ ബിൽ നിയമമാകൂ. വനിതാ സംവരണ ബിൽ നിയമമായാലും വനിതാ സംവരണം യാഥാർത്ഥ്യമാകാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. 2026 ൽ നടക്കുന്ന അടുത്ത സെൻസസും അതിനെ അടിസ്ഥാനപ്പെടുത്തി മണ്ഡല പുനർനിർണ്ണയവും പൂർത്തീകരിച്ച ശേഷമേ വനിതാ സംവരണം നിലവിൽ വരുകയുള്ളൂ. വനിതാ സംരരണം ഇനിയും നീണ്ടുപോകാനാണ് സാധ്യത. 2010 ൽ തന്നെ വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും പാസാക്കിയെടുക്കാൻ കഴിഞ്ഞില്ല. അന്നത്തെ ഭരണ- പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പായിരുന്നു അതിന് കാരണം. ഇടതുപക്ഷം മാത്രമാണ് ആദ്യം മുതലേ വനിതാ സംവരണ ബില്ലിനായി ശബ്ദമുയർത്തിയത്.