ബിഎസ്എൻഎൽ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ 2 ദിവസത്തെ വിപുലീകൃത പ്രവർത്തക സമിതി യോഗം ഈ മാസം 2,3 തിയ്യതികളിലായി ന്യൂഡൽഹിയിൽ ചേർന്നു. കെ.ജി.ബോസ് ഭവനിൽ ചേർന്ന യോഗത്തിൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.രമാദേവി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ കൺവീനർ കെ.എൻ.ജ്യോതിലക്ഷ്മി ഏവരേയും സ്വാഗതം ചെയ്തു. പ്രവർത്തക സമിതി യോഗം എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി പി.അഭിമന്യു ഉദ്ഘാടനം ചെയ്തു. സാർവ്വദേശീയ, ദേശീയ വിഷയങ്ങളോടൊപ്പം ശമ്പള പരിഷ്കരണം, ബിഎസ്എൻഎല്ലിന്റെ 4ജി / 5ജി ആരംഭിക്കുന്നതിലെ കാലതാമസം എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ബിഎസ്എൻഎല്ലിനോടുള്ള കേന്ദ്ര സർക്കാരിൻ്റെ വിവേചനപരമായ നയത്തെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. ബിഎസ്എൻഎൽ നഷ്ടമുണ്ടാക്കുന്ന കമ്പനിയായി മാറിയതിന് പ്രധാന കാരണം കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന പൊതുമേഖലാ വിരുദ്ധ നയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . അഖിലേന്ത്യാ കൺവീനർ കെ.എൻ.ജ്യോതിലക്ഷ്മി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ wwcc നടത്തുന്ന പ്രവർത്തനങ്ങൾ സഖാവ് വിശദീകരിച്ചു. തുടർന്ന് കമ്മറ്റി അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. കേരളത്തിൽ നിന്നും മഹിളാ കൺവീനർ ബീനാ ജോൺ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സംഘടനയെ ശക്തിപ്പെടുത്താനും സ്ത്രീകളുടെ കൂട്ടായ്മ വളർത്തിയെടുക്കാനും യോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാർ തുടരുന്ന തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടത്തിൽ സ്ത്രീ ജീവനക്കാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനം നടത്താൻ യോഗം തീരുമാനിച്ചു.