ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കേന്ദ്ര പ്രവർത്തക സമിതി യോഗം 01-09-2023 ന് ഓൺലൈനിൽ ചേർന്നു. സർക്കിൾ സെക്രട്ടറിമാരും അഖിലേന്ത്യാ ഭാരവാഹികളും അടക്കം 50 സഖാക്കൾ യോഗത്തിൽ പങ്കെടുത്തു. അഖിലേന്ത്യാ പ്രസിഡൻ്റ് അനിമേഷ് മിത്ര അധ്യക്ഷനായി. അന്തരിച്ച സഖാക്കൾക്ക് യോഗം ഒരു മിനിറ്റ് മൗനം ആചരിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി പി.അഭിമന്യു എല്ലാവരേയും സ്വാഗതം ചെയ്യുകയും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ഭോപ്പാൽ പ്രവർത്തക സമിതി യോഗത്തിൻ്റെ തീരുമാനങ്ങൾ നടപ്പിലാക്കാൻ അഖിലേന്ത്യാ യൂണിയൻ സ്വീകരിച്ച നടപടികളെക്കുറിച്ച് അദ്ദേഹം ഹ്രസ്വമായി വിശദീകരിച്ചു. അംഗീകാര കാലയളവ് 3 വർഷത്തിൽ നിന്ന് 4 വർഷമായി ഉയർത്താനുള്ള മാനേജ്‌മെൻ്റിൻ്റെ നിർദ്ദേശത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എല്ലാ സഖാക്കളും ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. യോഗം താഴെപ്പറയുന്ന തീരുമാനങ്ങൾ കൈകൊണ്ടു:-

  1. ശമ്പളപരിഷ്‌കരണം, 4ജി/5ജി, പുതിയ പ്രൊമോഷൻ നയം തുടങ്ങിയ വിഷയങ്ങളിൽ ജോയിൻ്റ് ഫോറം സ്വീകരിച്ച നടപടിയെ യോഗം അഭിനന്ദിച്ചു, എന്നാൽ വേഗത്തിലുള്ള തുടർനടപടികൾ ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
  2. കർഷകത്തൊഴിലാളി യൂണിയന് നൽകുന്ന സംഭാവന തൊഴിലാളികളിൽ നിന്നും പിരിക്കുന്നതിനുള്ള കാലപരിധി ഒരു മാസം കൂടി നീട്ടാൻ യോഗം തീരുമാനിച്ചു. ന്യൂഡൽഹിയിൽ ചേരുന്ന പ്രത്യേക യോഗത്തിൽ അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയന് സംഭാവന കൈമാറാൻ യോഗം തീരുമാനിച്ചു.
  3. 24.08.2023 ന് ന്യൂഡൽഹിയിൽ നടന്ന മസ്ദൂർ കിസാൻ കൺവെൻഷൻ്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രവർത്തന പരിപാടി തയ്യാറാക്കാൻ യോഗം അഖിലേന്ത്യാ കേന്ദ്രത്തിന് അധികാരം നൽകി.
  4. മാനേജ്മെൻ്റ് നിർദ്ദേശിച്ച പ്രകാരം ട്രേഡ് യൂണിയൻ അംഗീകാര കാലയളവ് 3 വർഷത്തിൽ നിന്ന് 4 വർഷമായി നീട്ടുന്നതിന് യോഗം അംഗീകാരം നൽകി.
  5. 10.09.2023 മുതൽ 10 ദിവസത്തേക്ക് അവധിയിൽ പ്രവേശിക്കണമെന്ന ജനറൽ സെക്രട്ടറി പി.അഭിമന്യുവിൻ്റെ അഭ്യർത്ഥന യോഗം അംഗീകരിച്ചു. പകരം ഡപ്യൂട്ടി ജനറൽ സെക്രട്ടറി ജോൺ വർഗീസ് ആക്ടിംഗ് ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുമെന്ന് യോഗം തീരുമാനിച്ചു.