ബിഎസ്എൻഎൽ 4ജി, 5ജി സേവനം ആരംഭിക്കുക, ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, പുതിയ പ്രമോഷൻ നയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിഎസ്എൻഎൽ സംഘടനകളുടെ സംയുക്ത ഫോറം ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ ധർണയിൽ പങ്കെടുത്തു. ജോയിന്റ് ഫോറം ചെയർമാൻ ചന്ദേശ്വർ സിങ് അധ്യക്ഷനായി. ജോയിന്റ് ഫോറം കൺവീനർ പി.അഭിമന്യു എല്ലാവരേയും സ്വാഗതം ചെയ്യുകയും ധർണയിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ എന്നിവർ ധർണയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സർക്കാരിന്റെ പൊതുമേഖലാ വിരുദ്ധ, തൊഴിലാളിവർഗ വിരുദ്ധ, കോർപ്പറേറ്റ് അനുകൂല നയങ്ങളാണ് ബിഎസ്എൻഎല്ലിന്റെ പ്രതിസന്ധിക്ക് കാരണമെന്ന് തപൻ സെൻ ചൂണ്ടിക്കാട്ടി. എഐബിഡിപിഎ ജനറൽ സെക്രട്ടറി കെ.ജി.ജയരാജ്, സുരേഷ് കുമാർ, ജെ.വിജയകുമാർ എന്നിവരും യോഗത്തെ അഭിസംബോധന ചെയ്ത് ആവശ്യങ്ങൾ വിശദീകരിച്ചു.