കരാർ തൊഴിലാളി സംഘടനയുടെ പുനരുജ്ജീവനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവയുൾപ്പെടെയുള്ള സതേൺ സർക്കിളുകളിലെ പ്രവർത്തകരുടെ ഒരു യോഗം BSNLEU അഖിലേന്ത്യാ യൂണിയൻ സംഘടിപ്പിച്ചു. കേരള, തമിഴ്‌നാട്, ചെന്നൈ ടെലിഫോൺസ്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സർക്കിളുകളിലെ സർക്കിൾ സെക്രട്ടറിമാർ, സർക്കിൾ പ്രസിഡന്റുമാർ, ബിഎസ്എൻഎൽഇയു കേന്ദ്ര ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷന്റെ ഓരോ സർക്കിളിൽനിന്നും രണ്ട് പ്രവർത്തകരും പങ്കെടുത്തു. കേരളത്തിൽ നിന്നും കരാർ തൊഴിലാളി സംഘടനാ പ്രതിനിധികളുടെ പ്രാതിനിധ്യം ഉണ്ടായില്ല. മുതിർന്ന നേതാവ് സഖാവ് സി.കെ.ഗുണ്ടണ്ണ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബിഎസ്എൻഎൽഇയു ജനറൽ സെക്രട്ടറി പി.അഭിമന്യു ഏവരേയും സ്വാഗതം ചെയ്യുകയും യോഗത്തിന്റെ ഉദ്ദേശ്യം, കരാർ തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ, ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ ശക്തിപ്പെടുത്താൻ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ശ്രമിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ചുള്ള അവതരണം നടത്തി. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രസിഡണ്ടും BSNLCCWF സെക്രട്ടറി ജനറലുമായ അനിമേഷ് മിത്ര, മുതിർന്ന നേതാക്കളായ ജെ.സമ്പത്ത് റാവു, എൻ.കെ.നളവാഡെ എന്നിവർ യോഗത്തിൽ സംസാരിച്ചു. അതിനുശേഷം, എല്ലാ സർക്കിൾ സെക്രട്ടറിമാരും സർക്കിൾ പ്രസിഡന്റുമാരും സിഎച്ച്‌ക്യു ഭാരവാഹികളും ബിഎസ്എൻഎൽ സിസിഡബ്ല്യുഎഫിന്റെ പ്രതിനിധികളും കരാർ തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഓരോ സംസ്ഥാനത്തും നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ച് സംസാരിക്കുകയും വിശദീകരിക്കുകയും ചെയ്തു. വിശദമായ ചർച്ചയ്ക്കുശേഷം കരാർ തൊഴിലാളികളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷൻ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനം സംബന്ധിച്ച് യോഗം ചില തീരുമാനങ്ങൾ കൈ കൊണ്ടു. വ്യാപകമായ രീതിയിൽ തൊഴിലാളികളെ ഒഴിവാക്കുന്നതിനെതിരെയും മിനിമം കൂലി, സാമൂഹ്യ സുരക്ഷ എന്നിവ നേടിയെടുക്കുന്നതിനും യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. മേൽപ്പറഞ്ഞ ആവശ്യങ്ങൾ ഉന്നയിച്ച് കരാർ തൊഴിലാളി ഫെഡറേഷൻ നടത്തുന്ന പ്രക്ഷോഭം വിജയിപ്പിക്കാൻ തീരുമാനിച്ചു.