ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ കേന്ദ്ര പ്രവർത്തക സമിതി യോഗം  2023 മെയ് 06, 07 തീയതികളിൽ ഭോപ്പാലിൽ ചേർന്നു. യോഗത്തിൽ  അഖിലേന്ത്യാ പ്രസിഡന്റ് അനിമേഷ് മിത്ര അധ്യക്ഷത വഹിച്ചു. എജിഎസ്  പ്രകാശ് ശർമ്മ പ്രവർത്തക സമിതി അംഗങ്ങളെ സ്വാഗതം ചെയ്തു. ഡെപ്യൂട്ടി ജനറൽ  സെക്രട്ടറി ജോൺ വർഗീസ്  അനുശോചന പ്രമേയം അവതരിപ്പിച്ചു.  കഴിഞ്ഞ പ്രവർത്തക സമിതി  യോഗത്തിന് ശേഷം അന്തരിച്ച നേതാക്കൾക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. പ്രസിഡന്റ് അനിമേഷ് മിത്ര അധ്യക്ഷ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി പി.അഭിമന്യു  പ്രവർത്തന റിപ്പോർട്ട്  അവതരിപ്പിച്ച് സംസാരിച്ചു. ബിഎസ്എൻഎല്ലിനെയും അതിലെ ജീവനക്കാരെയും ബാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ  നയങ്ങളെക്കുറിച്ച് ജനറൽ  സെക്രട്ടറി വിശദീകരിച്ചു. ബി എസ് എൻ എൽ വികസനം സാധ്യമാകാത്തതിനെ തുടർന്ന ലക്ഷക്കണക്കായ  ഉപഭോക്താക്കളാണ് ബി എസ് എൻ എൽ സേവനം അവസാനിപ്പിക്കുന്നത്. ബി എസ് എൻ എൽ എത്രയും പെട്ടെന്ന് 4G/5G സേവനം ആരംഭിക്കേണ്ടതിന്റെ ആവശ്യഗതയാണ് ഇത് സൂചിപ്പിക്കുന്നത്. ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനാൽ ജീവനക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ വിവരിക്കാനാകാത്തതാണ്. സ്റ്റാഗ്നേഷൻ പ്രശ്നം നല്ലൊരു ശതമാനം ജീവനക്കാരെ ബാധിക്കുന്നു. എൻഎഫ്പിഇ, എഐപിഇയു ക്ലാസ് 3 സംഘടനകളുടെ അംഗീകാരം പിൻവലിച്ചതിനെ ജനറൽ സെക്രട്ടറി ശക്തമായി  വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പോരാടുന്ന ട്രേഡ് യൂണിയനുകൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നത്.  പോരാട്ടം ശക്തിപ്പെടുത്താൻ സംഘടനയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രഷറർ ഇർഫാൻ പാഷ വരവു ചെലവു കണക്കുകൾ അവതരിപ്പിച്ചു. എല്ലാ പ്രവർത്തക സമിതി അംഗങ്ങളും  ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. കേരളത്തിൽ നിന്നും സർക്കിൾ സെക്രട്ടറി എം.വിജയകുമാർ , എജി എസ് കെ എൻ. ജ്യോതിലക്ഷ്മി, ഓർഗ്ഗനൈസിങ് സെക്രട്ടറി പി.മനോഹരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

യോഗ  തീരുമാനങ്ങൾ താഴെ കൊടുക്കുന്നു.

ശമ്പള പരിഷ്കരണം.

ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കാൻ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. അംഗീകരിച്ച ശമ്പള സ്കെയിലുകൾ പോലും വെട്ടിക്കുറയ്ക്കാൻ  ശ്രമിക്കുകയാണ്. ഇതാണ് ശമ്പള പരിഷ്‌കരണ ചർച്ചകളിൽ സ്തംഭനാവസ്ഥ സൃഷ്ടിച്ചത്. അതിനാൽ ശമ്പള പരിഷ്കരണം നേടിയെടുക്കാൻ ശക്തമായ പ്രക്ഷോഭ പരിപാടികൾ  സംഘടിപ്പിക്കുന്നതിന് അഖിലേന്ത്യാ യൂണിയൻ  മുൻകൈയെടുക്കണമെന്ന് യോഗം തീരുമാനിച്ചു. ജോയിന്റ് ഫോറത്തിന്റെ  നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്നും തീരുമാനിച്ചു.

 ബി എസ് എൻ എൽ 4 ജി, 5 ജി സേവനങ്ങൾ ആരംഭിക്കുന്നതിലുള്ള കാലതാമസം.

ബിഎസ്എൻഎല്ലിന്റെ 4ജി, 5ജി സേവനങ്ങൾ ആരംഭിക്കുന്നതിൽ ക്രമാതീതമായി കാലതാമസം നേരിടുകയാണ്. 4ജി  ലഭ്യമല്ലാത്തതിനാൽ ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ബി എസ് എൻ എൽ സേവനം അവസാനിപ്പിക്കുന്നു. 2022ൽ മാത്രം 77 ലക്ഷം ഉപഭോക്താക്കൾ ബിഎസ്എൻഎൽ സേവനം ഒഴിവാക്കി. ജനുവരിയിൽ 14 ലക്ഷം ഉപഭോക്താക്കളെ നഷ്ടമായി. ജോയിന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ  ഉചിതമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മുൻകൈയെടുക്കാൻ തീരുമാനിച്ചു.

 IDA കുടിശ്ശിക

ഐ.ഡി.എ കുടിശ്ശിക നൽകുന്നതിന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് BSNL മാനേജ്മെന്റ് നടപ്പിലാക്കിയിട്ടില്ല. ഇത്  ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ വ്യക്തമായ ലംഘനമാണ്.   ആവശ്യമായ തുടർ  നിയമനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.

 ട്രേഡ് യൂണിയൻ അവകാശങ്ങൾ

ട്രേഡ് യൂണിയൻ അവകാശങ്ങൾ നിഷേധിക്കുന്ന മാനേജ്മെന്റ് നടപടിയെ ശക്തമായി ചെറുക്കാൻ യോഗം തീരുമാനിച്ച .

 സ്ത്രീ ജീവനക്കാരുടെ സുരക്ഷ

ജോലി സ്ഥലങ്ങളിൽ  സ്ത്രീ ജീവനക്കാരുടെ സുരക്ഷ  ഉറപ്പു വരുത്താൻ ശക്തമായി ഇടപെടാനും ആവശ്യമെങ്കിൽ പോരാട്ടം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

പുതിയ അംഗത്വം.

പുതിയ അംഗത്വ മാറ്റത്തിന്റെ സമയം   16.06.2023 മുതൽ 15.07.2023 വരെയാണ്. യൂണിയൻ അംഗത്വം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ എല്ലാ സർക്കിൾ/ ജില്ലാ യൂണിയനുകളും നടത്തണമെന്ന് തീരുമാനിച്ചു.

 BSNLEU, AIBDPA, BSNLCCWF (CoC) എന്നിവയുടെ കോർഡിനേഷൻ കമ്മിറ്റി

 കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ബിഎസ്എൻഎൽ ജീവനക്കാരെയും പെൻഷൻകാരെയും കരാർ തൊഴിലാളികളെയും അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുന്ന വേദിയാണ് കോർഡിനേഷൻ കമ്മറ്റി. സർക്കിൾ/ജില്ലാ തലങ്ങളിൽ  CoC യുടെ പ്രവർത്തനം ശക്തിപ്പെടുത്തണം.

*സംഘടനാ വാർത്തകൾ Whatsapp വഴി എല്ലാ ജീവനക്കാരിലും എത്തുന്നു എന്ന് സർക്കിൾ/ജില്ലാ സെക്രട്ടറിമാർ ഉറപ്പു വരുത്തണം.

  * ട്വിറ്റർ കാമ്പെയ്‌ഇന്നത്തെ പ്രധാന പ്രക്ഷോഭ പ്രചരണ മാധ്യമമാണ്. എല്ലാ സഖാക്കളും ട്വിറ്റർ അക്കൗണ്ട് തുടങ്ങുന്നത് നമ്മുടെ പ്രക്ഷോഭ വിജയത്തിന് സഹായകരമാക്കും.

* അഖിലേന്ത്യ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മറ്റിയുടെ  യോഗം ഓൺലൈനായി ചേരാൻ തീരുമാനിച്ചു.

* കാലാവധി പൂർത്തിയായ സർക്കിൾ സമ്മേളനങ്ങൾ ഉടൻ നടത്തണമെന്ന് തീരുമാനിച്ചു.

* ട്രേഡ് യൂണിയൻ ഇന്റർനാഷണലിന്റെ (TPFC) അടുത്ത കോൺഗ്രസ് 2023 നവംബറിൽ ഏഥൻസിൽ ചേരുന്നതാണ്.

BSNLEU ജനറൽ സെക്രട്ടറി കോൺഗ്രസ്സിൽ പങ്കെടുക്കണമെന്ന്  തീരുമാനിച്ചു.

* വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റി (BSNLWWCC) രൂപീകരിക്കാത്ത സ്ഥലങ്ങളിൽ കമ്മറ്റി രൂപീകരിക്കാൻ സർക്കിൾ യൂണിയനുകൾ ഇടപെടണം.

* കരാർ ജീവനക്കാരുടെ സംഘടനയായ BSNLCCWF യുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആവശ്യമായ ഇടപെടൽ നടത്തണം.