ശമ്പള പരിഷ്കരണ ചർച്ചകളിൽ ഉണ്ടായിട്ടുള്ള തടസ്സം നീക്കാൻ വേണ്ട ഇടപെടൽ നടത്തണമെന്ന് BSNLEU,NFTE ജനറൽ സെക്രട്ടറിമാർ സിഎംഡി ബിഎസ്എൻഎല്ലിന് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു.
ശമ്പള പരിഷ്കരണ ചർച്ചയിൽ നിലനിൽക്കുന്ന താഴെ പറയുന്ന കാര്യങ്ങൾ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

(1) 27-07-2018-ന് നടന്ന ശമ്പള പരിഷ്ക്കരണ യോഗത്തിൽ നോൺ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പള സ്കെയിലുകളിൽ മാനേജ്മെൻ്റും സംഘടനകളും തമ്മിൽ ധാരണയിലെത്തിയിരുന്നു.എന്നാൽ, പെൻഷൻ സംഭാവനയ്ക്കുള്ള (pension contribution) കമ്പനിയുടെ ചെലവ് കുറയ്ക്കുന്നതിൻ്റെ പേരിൽ ശമ്പള സ്കെയിലുകളുടെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ (minimum and maximum) തുക കുറയ്ക്കാൻ മാനേജ്മെൻ്റ് ശ്രമിക്കുന്നു. മൂന്നാം പിആർസി എക്സിക്യൂട്ടീവുകളുടെ ശമ്പള സ്കെയിലുകൾ ഇതിനകം നൽകിയിട്ടുണ്ട്. ആ ശമ്പള സ്കെയിലുകൾ വെട്ടിക്കുറയ്ക്കാൻ ബിഎസ്എൻഎൽ മാനേജ്മെൻ്റിന് അധികാരമില്ല. എന്തുകൊണ്ടാണ് മാനേജ്മെൻ്റ് നോൺ എക്സിക്യൂട്ടീവുകളുടെ ശമ്പള സ്കെയിലുകൾ വെട്ടിക്കുറയ്ക്കാൻ ആഗ്രഹിക്കുന്നത്? അതുകൊണ്ട് നേരത്തെ തീരുമാനിച്ച ശമ്പള സ്കെയിലിൽ അംഗീകരിക്കാൻ തയ്യാറാവണം.

(2) ശമ്പള പരിഷ്കരണ കരാറിൽ ഒപ്പിടാൻ തയ്യാറല്ലെന്നും എന്നാൽ നോൺ എക്‌സിക്യൂട്ടീവുകളുടെ ശമ്പള സ്‌കെയിലുകൾ അന്തിമമാക്കുകയും അത് DoT ലേക്ക് അയയ്‌ക്കുകയും ചെയ്യുക മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന മാനേജ്മെൻ്റ് നിലപാട് അംഗീകരിക്കാൻ കഴിയില്ല.

(3) അലവൻസുകൾ ഇപ്പോൾ പരിഷ്കരിക്കാൻ കഴിയില്ലെന്ന് മാനേജ്മെൻ്റ് പറയുന്നു. ബിഎസ്എൻഎൽ രൂപീകരിച്ചതിനുശേഷം ജീവനക്കാരുടെ അലവൻസുകൾ പരിഷ്കരിച്ചിട്ടില്ല. അതിനാൽ അലവൻസുകൾ പുനഃപരിശോധിക്കണം.