കേന്ദ്ര ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന നവ-ഉദാരവല്‍കരണ നയങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് അതിശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിഐടിയു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തു. പൊതുമേഖലാ വ്യവസായങ്ങളെ കൈയ്യൊഴിയാനും സുപ്രധാനമായ രാജ്യത്തെ ആസ്തികള്‍ വില്‍പന നടത്താനും നീക്കം നടക്കുകയാണ്. ഇതിനെതിരായും, എല്‍ഐസിയുടെ ഓഹരി വില്പന ഉപേക്ഷിക്കാനും ആവശ്യപ്പെട്ട് എല്ലാ ട്രേഡ് യൂണിയനുകളെയും ചേര്‍ത്ത് വന്‍ ചെറുത്തുനിൽപ്പ് അനിവാര്യമാണെന്ന് കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് സ.എ.കെ.പത്മനാഭന്‍ വ്യക്തമാക്കി. മാര്‍ച്ച് 28,29 തീയ്യതികളില്‍ നടന്ന ദ്വിദിന പണിമുടക്കില്‍ അണിനിരന്ന കോടിക്കണക്കിന് തൊഴിലാളികളുടെ വികാരം ഉള്‍ക്കൊള്ളാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാകണമെന്നും എ.കെ.പത്മനാഭന്‍ ആവശ്യപ്പെട്ടു.

ജനങ്ങളുടെ സ്വൈരജീവിതം തകര്‍ക്കുന്ന വര്‍ഗ്ഗീയ കലാപങ്ങളെ അപലപിച്ചുകൊണ്ട് വര്‍ഗ്ഗീയതക്കെതിരെ തുടര്‍ച്ചയായ പ്രചരണം ഏറ്റെടുക്കുവാന്‍ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പട്ടു. മെയ് 15,16 തിയ്യതികളിൽ നടന്ന കൗൺസിൽ യോഗത്തിൽ സംസ്ഥാനത്തെ 25 ലക്ഷം സിഐടിയു അംഗങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് തെരഞ്ഞെടുത്ത 340 സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളാണ് പങ്കെടുത്തത്.
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സർക്കിൾ സെക്രട്ടറി എം.വിജയകുമാർ ക്ഷണിതാവായി കൗൺസിൽ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.