2026 ആഗസ്റ്റ് 7-ന് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, ഓൾ ഇന്ത്യാ ബിഎസ്എൻഎൽ ഡിഓടി പെൻഷനേഴ്സ് അസ്സോസിയേഷൻ , ബിഎസ്എൻഎൽ സിസിഡബ്ലിയൂഎഫ് എന്നീ സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ജന്തർ മന്ദിർ ധർണ്ണ ചരിത്രവിജയമായി മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1,500-ലധികം ബിഎസ്എൻഎൽ ജീവനക്കാരും പെൻഷൻകാരും കരാർ തൊഴിലാളികളും കനത്ത മഴയെ അവഗണിച്ച് പോരാട്ടവീര്യം പ്രകടിപ്പിച്ചുകൊണ്ട് പരിപാടിയിൽ പങ്കെടുത്തു.

ജന്തർ മന്തറിൽ നടന്ന ധർണയ്ക്ക് പി. അഭിമന്യു, എം. വിജയകുമാർ, എം. ആർ. ദാസ് എന്നിവർ അധ്യക്ഷത വഹിച്ചു. സിഐടിയു. അഖിലേന്ത്യാ പ്രസിഡന്റ് സുധീപ് ദത്ത ധർണ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധവും പൊതുമേഖലാ വിരുദ്ധവുമായ നയങ്ങളെ അദ്ദേഹം ശക്തമായി വിമർശിച്ചു. സ്വകാര്യ ടെലികോം കമ്പനികൾക്ക് അനുകൂലമായ നയങ്ങളാണ് ബിഎസ്എൻഎൽന്റെ വളർച്ചയെയും സാമ്പത്തിക നിലയെയും പ്രതികൂലമായി ബാധിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ബിഎസ്എൻഎൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും കരാർ തൊഴിലാളികളുടെയും പോരാട്ടങ്ങൾക്ക് സിഐടിയുവിന്റെ പൂർണ പിന്തുണ അദ്ദേഹം പ്രഖ്യാപിച്ചു.

എൻസിസിപിഎ ആക്ടിംഗ് സെക്രട്ടറി ജനറൽ കെ ജി. ജയരാജ് ധർണയെ അഭിസംബോധന ചെയ്തു. പെൻഷൻകാരുടെ വിവിധ പ്രശ്നങ്ങളും പെൻഷൻകാരോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനാപരമായ സമീപനവും അദ്ദേഹം വിശദീകരിച്ചു. കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ആർ. മുരളീധരൻ നായർ, കൺവീനർ അനിമേഷ് മിത്ര, ബിഎസ്എൻഎൽ സിസിഡബ്ലിയൂഎഫ് പ്രസിഡന്റ് പി. അഭിമന്യു,ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എം വിജയകുമാർ, ഓൾ ഇന്ത്യാ ബിഎസ്എൻഎൽ ഡിഓടി പെൻഷനേഴ്സ് അസ്സോസിയേഷൻ പ്രസിഡന്റ് എംആർ ദാസ് എന്നിവരും ധർണയെ അഭിസംബോധന ചെയ്തു.

2017 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരേണ്ട മൂന്നാം ശമ്പള പരിഷ്കരണം നടപ്പാക്കുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക, കരാർ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കുക, ബിഎസ്എൻഎൽ പുനരുജ്ജീവനത്തിനും ശക്തിപ്പെടുത്തലിനുമായി അടിയന്തര നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ശക്തമായി ഉന്നയിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന് വ്യക്തമായ സന്ദേശമാണ് ഈ പരിപാടി നൽകിയത്. കേരളത്തിൽ നിന്നും 60 പേർ പരിപാടിയിൽ പങ്കെടുത്തു.