2023 ഓഗസ്റ്റ് മാസത്തെ വിവിധ കമ്പനികളുടെ വരിക്കാരുടെ വിവരങ്ങൾ ട്രായ് പുറത്തുവിട്ടു. ട്രായിയുടെ കണക്കുകൾ പ്രകാരം ഓഗസ്റ്റ് മാസത്തിൽ മാത്രം ബിഎസ്എൻഎല്ലിന് 22,20,654 കണക്ഷനുകൾ നഷ്ടപ്പെട്ടു. റിലയൻസ് ജിയോ ഓഗസ്റ്റിൽ 32,45,569 കണക്ഷനുകളും എയർടെൽ 12,17,704 കണക്ഷനുകളും പുതുതായി നേടി. ജിയോയും എയർടെല്ലും ഇതിനകം തന്നെ രാജ്യത്തുടനീളം തങ്ങളുടെ പൂർണ്ണമായ 5G സേവനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ബിഎസ്എൻഎൽ 4ജി സേവനം പോലും ആരംഭിച്ചിട്ടില്ല. സ്വാഭാവികമായും ജിയോയും എയർടെല്ലും ബിഎസ്എൻഎല്ലിന്റെ ഉപഭോക്താക്കളെ ആകർഷിക്കുന്നു. ബിഎസ്എൻഎല്ലിന്റെ 4G സേവനം 2024 ഒക്ടോബറിൽ മാത്രമേ പൂർത്തിയാകൂ എന്നാണ് മനസ്സിലാക്കുന്നത്. അതിനർത്ഥം, ബിഎസ്എൻഎൽ 4G സേവനത്തിന് വേണ്ടി ഇനിയും ഒരു വർഷം കൂടി കാത്തിരിക്കണം എന്നാണ്. അപ്പോഴേക്കും ബിഎസ്എൻഎല്ലിന് എന്ത് സംഭവിക്കും?