ബിഎസ്എൻഎൽ 4 ജി സേവനം ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്നും ബിഎസ്എൻഎൽ
4 ജി നെറ്റ്‌വർക്ക് നവംബർ-ഡിസംബർ മാസത്തോടെ 5ജി ആയി അപ്ഗ്രേഡ് ചെയ്യുമെന്നും ബഹു. കമ്മ്യൂണിക്കേഷൻസ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് കഴിഞ്ഞ മെയ് മാസത്തിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ബിഎസ്എൻഎൽ 4ജി സേവനം തന്നെ ഇനിയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ടിസിഎസ് നൽകേണ്ട 4ജി ഉപകരണങ്ങൾ അവയുടെ ഫീൽഡ് ട്രയലുകൾ പോലും പൂർത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് പ്രതിമാസം ബിഎസ്എൻഎൽ ഒഴിവാക്കുന്നത്. 2023 ഓഗസ്റ്റിൽ 22,20,654 ഉപഭോക്താക്കൾ ബിഎസ്എൻഎൽ സേവനം ഒഴിവാക്കിയപ്പോൾ സെപ്റ്റംബറിൽ അത് 23,26,751 ഉപഭോക്താക്കളായി ഉയർന്നു. ഉപഭോക്താക്കളുടെ വൻതോതിലുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണെങ്കിൽ ബിഎസ്എൻഎല്ലിന്റെ പുനരുജ്ജീവനം വളരെ ബുദ്ധിമുട്ടായിരിക്കും. അതിനാൽ, ബിഎസ്എൻഎല്ലിന്റെ 4ജി ഉടൻ ആരംഭിക്കുന്നതിന് ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് എംപ്ലോയീസ് യൂണിയൻ ബഹുമാനപ്പെട്ട കമ്മ്യൂണിക്കേഷൻസ് മന്ത്രിക്ക് കത്ത് നൽകി.