ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.ശ്രീനിവാസൻ 39 വർഷത്തെ സേവനം പൂർത്തിയാക്കി 31.5.2023 ന് സർവീസിൽ നിന്നും വിരമിച്ചു. 1983 ൽ കോഴിക്കോട് മാനാഞ്ചിറ ടെലിഫോൺ എക്സ്ചേഞ്ചിൽ ടെലിഫോൺ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ച സഖാവ് കമ്പിത്തപ്പാൽ മേഖലയിൽ നിലനിന്നിരുന്ന ആർടിപി ചൂഷണ സമ്പ്രദായം അവസാനിപ്പിക്കാൻ എൻ എഫ് പി ടി ഇ നടത്തിയ സമരങ്ങളിലൂടെ സംഘടനാ നേതൃത്വത്തിലേയ്ക്കുയർന്നു. എൻ എഫ് പി ടി ഇ ഇ3 യൂണിയൻ്റെ ബ്രാഞ്ച് സെക്രട്ടറിയായും ജില്ലാ ഭാരവാഹിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ രൂപീകരണ ശേഷം ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെ ജില്ലാ ഭാരവാഹിയായ സഖാവ്, ബിഎസ്എൻഎൽ സ്വകാര്യവത്കരിക്കുന്നതിനെതിരെയും 4ജി, 5ജി സാങ്കേതിക വിദ്യകൾ നേടിയെടുക്കുന്നതിനു വേണ്ടിയും നടത്തിയ ഒട്ടേറെ സമരങ്ങൾക്ക് ജില്ലയിൽ നേതൃത്വംവഹിച്ചു. സംയുക്ത വേദിയുടെ കൺവീനർ എന്ന നിലയിൽ ജില്ലയിലെ എല്ലാ ജീവനക്കാരേയും ഓഫീസർമാരെയും സമര രംഗത്ത് യോജിപ്പിക്കാൻ സഖാവിന് കഴിഞ്ഞിട്ടുണ്ട്. ബിഎസ്എൻഎൽ കോഴിക്കോടിൻ്റെ സംയുക്ത കൂടിയാലോചനാ സമിതിയിൽ സ്റ്റാഫ്സൈഡ് സെക്രട്ടറിയാണ്. സർക്കിൾ കൗൺസിൽ സ്റ്റാഫ്സൈഡ് അംഗമാണ്. എംപ്ലോയീസ് യൂണിയൻ്റെ മുഖ മാസികയായ ബിഎസ്എൻഎൽ ക്രുസേഡറിൽ ആനുകാലിക വിഷയങ്ങളിൽ സ്ഥിരമായി ലേഖനങ്ങൾ എഴുതാറുണ്ട്. സർവ്വീസ് സംഘടനാ പ്രവർത്തനത്തോടൊപ്പം കലാസാംസ്കാരിക രംഗത്തും മുൻനിന്നു പ്രവർത്തിക്കുന്നു. പുരോഗമന കലാസാഹിത്യ സംഘം പൂക്കാട് കലാലയം മുതലായവയുടെ ഭാരവാഹിയാണ്.
സഖാവിന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മറ്റിയുടെ അഭിവാദ്യങ്ങൾ