കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതരായ ഉദ്യോഗസ്ഥരുടെ മൂന്നു ഗഡു ക്ഷാമബത്ത (IDA) മരവിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് എൻ്റർപ്രൈസസ് (DPE) നവംബർ 19 ലെ ഉത്തരവിലൂടെ എല്ലാ പൊതുമേഖലാ സ്ഥാപനമേധാവികൾക്കും നൽകിയിരുന്നു. ഉത്തരവുപ്രകാരം മരവിപ്പിച്ച ക്ഷാമബത്ത 2021 ജൂലൈ മാസത്തിൽ പുനഃസ്ഥാപിക്കാമെന്നും, എന്നാൽ കുടിശ്ശിക നൽകില്ലായെന്നും വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിൽ DPE ഉത്തരവിൽ സൂചിപ്പിച്ചിരിക്കുന്ന ചില കാര്യങ്ങൾ CMD യുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ എക്സിക്യൂട്ടീവ് ജീവനക്കാർക്കും നോൺ യൂണിയനൈസ്‌ഡ്‌ സൂപ്പർവൈസർമാർക്കും മാത്രമാണ് ബാധകമെന്ന് ഉത്തരവിലെ മൂന്നാം ഖണ്ഡികയിൽ വളരെ വ്യക്തമായും അർത്ഥശങ്കക്കിടയില്ലാതെയും സൂചിപ്പിച്ചിട്ടുണ്ട്. അതിനർത്ഥം IDA മരവിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ബാധകമല്ല.

എന്നാൽ ഈ ഉത്തരവ് BSNL ലെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ബാധകമല്ലായെന്ന് സൂചിപ്പിക്കാതെയാണ് DPE ഉത്തരവ് എല്ലാ ചീഫ് ജനറൽ മാനേജർമാർക്കും BSNL കോർപ്പറേറ്റ് ഓഫീസ് നൽകിയത്.

DPE ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ FACT മാനേജ്മെൻ്റ് നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ച നടപടിക്കെതിരെ FACT വർക്കേഴ്‌സ് ഓർഗനൈസേഷൻ (CITU) നൽകിയ കേസിൽ (WP(C)No.26423 of 2020 (C)) ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി 2020 ഡിസംബർ പതിനേഴാം തിയതി നൽകിയ ഉത്തരവിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

ക്ഷാമബത്ത മരവിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പൊതുമേഖലാ സ്ഥാപനങ്ങളിലെ എക്സിക്യൂട്ടീവ് ജീവനക്കാർക്കും നോൺ യൂണിയനൈസ്‌ഡ്‌ സൂപ്പർവൈസർമാർക്കും മാത്രമാണ് ബാധകമെന്നും, ഈ സ്ഥാപനങ്ങളിലെ വർക്കമെന്നിന് ബാധകമല്ലായെന്നും കേന്ദ്രസർക്കാരിനുവേണ്ടി കേരളാ ഹൈക്കോടതിയിൽ ഹാജരായ അസിസ്റ്റൻഡ് സോളിസിറ്റർ ജനറൽ കോടതി മുമ്പാകെ വ്യക്തമാക്കി.

ഇതിൽ നിന്നും മൂന്ന് ഗഡു ക്ഷാമബത്ത മരവിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം BSNL ലെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ബാധകമല്ലെന്ന് വളരെ വ്യക്തമാണ്. അതുകൊണ്ട് IDA മരവിപ്പിച്ച ഉത്തരവ് BSNL ലെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ബാധകമല്ലായെന്ന പുതുക്കിയ ഉത്തരവ് എല്ലാ ചീഫ് ജനറൽ മാനേജർമാർക്കും നല്കണമെന്ന് അഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ 1-10-2020 മുതൽ അർഹതപ്പെട്ട ക്ഷാമബത്ത (5.4%) ഉടൻ നൽകണമെന്നും BSNL എംപ്ലോയീസ് യൂണിയൻ അഭ്യർത്ഥിക്കുന്നു.

BSNL എംപ്ലോയീസ് യൂണിയൻ
കേരളാ സർക്കിൾ