ബിഎസ്എൻഎൽ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാർക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്നും സ്ത്രീകൾക്കെതിരായ അതിക്രമം തടയാനുള്ള നിയമം ഫലപ്രദമായി നടപ്പാക്കണമെന്നും കന്യാകുമാരിയിൽ നടന്ന ബിഎസ്എൻഎൽ മഹിളാ ജീവനക്കാരുടെ അഖിലേന്ത്യാ കൺവെൻഷൻ ആവശ്യപ്പെട്ടു. ബിഎസ്എൻഎൽ വികസനത്തിനായുള്ള പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കാൻ ഉടൻ 4ജി സേവനം ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കൺവെൻഷൻ സിഐടിയു ദേശീയ സെക്രട്ടറി എ.ആർ.സിന്ധു ഉദ്ഘാടനം ചെയ്തു. ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ അനിതാ ജോഹറി (കോർപ്പറേറ്റ് ഓഫീസ്), ജനറൽ സെക്രട്ടറി പി.അഭിമന്യു, കൺവീനർ പി.ഇന്ദിര, അസി.ജനറൽ സെക്രട്ടറി കെ.എൻ.ജ്യോതിലക്ഷ്മി, അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് കെ.രമാദേവി, ജോയിൻ്റ് കൺവീനർമാരായ വി.ഭാഗ്യലക്ഷ്മി, ബനാനി ചതോപാധ്യയ എന്നിവർ സംസാരിച്ചു.
അഖിലേന്ത്യാ കൺവീനറായി കേരളത്തിൽ നിന്നുള്ള കെ.എൻ.ജ്യോതിലക്ഷ്മിയെ കൺവെൻഷൻ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്നും 24 പ്രതിനിധികൾ ഉൾപ്പെടെ 180 പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുത്തു.