BSNL എംപ്ലോയീസ് യൂണിയൻ്റെ പത്താം സംസ്ഥാന സമ്മേളനം 2022 മാർച്ച് 15,16 തീയതികളിൽ കൊല്ലത്ത് ചേർന്നു. സമ്മേളനം CITU ദേശീയ സെക്രട്ടറി സ.കെ.ചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്തു. സർക്കിൾ പ്രസിഡൻ്റ് സ.പി.മനോഹരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്‌ഘാടന സമ്മേളനത്തിൽ ആരാധ്യയായ കൊല്ലം മേയറും സ്വാഗതസംഘത്തിൻ്റെ ചെയർപേഴ്സണുമായ സ.പ്രസന്ന ഏണസ്റ്റ് സ്വാഗതം ആശംസിച്ചു. BSNLEU സ്ഥാപക ജനറൽ സെക്രട്ടറി സ.വി.എ.എൻ.നമ്പൂതിരി, AIBDPA ജനറൽ സെക്രട്ടറി സ.കെ.ജി.ജയരാജ് തുടങ്ങി വിവിധ സംഘടനാ നേതാക്കൾ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനറും കൊല്ലം ജില്ലാ സെക്രട്ടറിയുമായ സ.ഡി.അഭിലാഷ് നന്ദി രേഖപ്പെടുത്തി.

പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സ.പി.അഭിമന്യു ഉദ്‌ഘാടനം ചെയ്തു. കേന്ദ്രസർക്കാരിൻ്റെ പൊതുമേഖലാ വിരുദ്ധ സമീപനങ്ങൾ, BSNL മാനേജ്മെൻ്റ് സ്വീകരിക്കുന്ന നിലപാടുകൾ, ശമ്പള പരിഷ്കരണം, യൂണിയൻ ഏറ്റെടുത്ത വിഷയങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ തൻ്റെ ഉദ്‌ഘാടന പ്രസംഗത്തിൽ സഖാവ് പ്രതിപാദിച്ചു. സർക്കിൾ സെക്രട്ടറി റിപ്പോർട്ടും ട്രഷറർ കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് 36 ഓളം സഖാക്കൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നായി 227 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. 37 പേർ വനിതാ സഖാക്കളായിരുന്നു. മാർച്ച് 28,29 ൻ്റെ ദ്വിദിന പണിമുടക്ക് വിജയിപ്പിക്കുക, സർക്കാരിൻ്റെ പൊതുമേഖലാ വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുക, ആസ്തി വില്പനാനീക്കത്തിനെതിരെ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക, ശമ്പളപരിഷ്കരണം നടപ്പാക്കുന്നതിനുവേണ്ടിയിട്ടുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ നിരവധി വിഷയങ്ങളിൽ സമ്മേളനം തീരുമാനമെടുത്തു. സംസ്ഥാന പ്രസിഡൻ്റായി നാസ.പി.മനോഹരനെയും സെക്രട്ടറിയായി സ.എം.വിജയകുമാറിനെയും, ട്രഷററായി സ.ആർ.രാജേഷ് കുമാറിനെയും ഉൾപ്പടെ 21 അംഗ സംസ്ഥാന ഭാരവാഹികളെയും സമ്മേളനം തെരെഞ്ഞെടുത്തു.