2022 മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന പൊതു പണിമുടക്ക് വിജയകരമായി സംഘടിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിച്ച് തീരുമാനം എടുക്കുന്നതിനുവേണ്ടി യൂണിയൻ്റെ വിപുലീകൃത കേന്ദ്ര പ്രവർത്തക സമിതി യോഗം ഓൺലൈനിലൂടെ ചേർന്നു. കേന്ദ്ര ഭാരവാഹികൾ, സർക്കിൾ സെക്രട്ടറിമാർ, ജില്ലാ സെക്രട്ടറിമാർ ഉൾപ്പടെ 236 സഖാക്കൾ യോഗത്തിൽ പങ്കെടുത്തു. അടുത്തകാലത്ത് നമ്മെ വിട്ടുപിരിഞ്ഞ പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തികൾക്ക് യോഗം അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഒരു മിനിറ്റ് മൗനം ആചരിച്ചു. പ്രസിഡൻ്റ് സ.അനിമേഷ് മിത്ര അധ്യക്ഷത വഹിച്ചു. മാർച്ച് 28,29 തീയതികളിൽ നടക്കുന്ന പൊതുപണിമുടക്ക് വിജയകരമായി സംഘടിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ജനറൽ സെക്രട്ടറി സ.പി.അഭിമന്യു വിശദമായി സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ 49 സഖാക്കൾ പങ്കെടുത്തു. പൊതുപണിമുടക്കിൽ അണിചേരാനുള്ള യൂണിയൻ്റെ തീരുമാനത്തെ എല്ലാ സഖാക്കളും സ്വാഗതം ചെയ്തു. ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച സഖാക്കൾ സമരം വിജയിപ്പിക്കുന്നതിനാവശ്യമായ നിരവധി നിർദ്ദേശങ്ങൾ നൽകി. ചർച്ചയിൽ ഉയർന്നുവന്ന വിഷയങ്ങൾക്ക് ജനറൽ സെക്രട്ടറി മറുപടി നൽകി. പണിമുടക്കിന് മുന്നോടിയായി താഴെ പറയുന്ന പരിപാടികൾ ഫലപ്രദമായി സംഘടിപ്പിക്കാൻ യോഗം ഏകകണ്ഠമായി തീരുമാനിച്ചു.

(1) ഓരോ ജീവനക്കാരനെയും നേരിൽക്കണ്ട് പൊതു പണിമുടക്കിൻ്റെ പ്രാധാന്യം വിശദീകരിക്കുവാനും പണിമുടക്കിൽ പങ്കെടുപ്പിക്കുവാനും ആവശ്യമായ പ്രവർത്തനം സംഘടിപ്പിക്കണം.

(2) ഫെബ്രുവരി 8 ൻ്റെ ഗേറ്റ് മീറ്റിംഗുകൾ ഫലപ്രദമായി സംഘടിപ്പിക്കണം.

(3) നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈനിനെതിരെ 10-02-2022 മുതൽ ഒരാഴ്ച ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഒപ്പുശേഖരണം നടത്തണം. പണിമുടക്കിൻ്റെ പ്രചാരണത്തിനുകൂടി ഈ പരിപാടി പ്രയോജനപ്പെടുത്തണം.

(4) അഖിലേന്ത്യാ യൂണിയൻ്റെ നേതൃത്വത്തിൽ 11-02-2022-ന് ഹിന്ദിയിലുള്ള Facebook ലൈവ് പ്രോഗ്രാം സംഘടിപ്പിക്കും.

(5) അഖിലേന്ത്യാ യൂണിയൻ്റെ നേതൃത്വത്തിൽ 12-02-2022-ന് ഇംഗ്ലീഷിലുള്ള Facebook ലൈവ് പ്രോഗ്രാം സംഘടിപ്പിക്കും.

(6) ഓൾ ഇന്ത്യാ കർഷകത്തൊഴിലാളി യൂണിയനെ സഹായിക്കുവാൻ അംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സംഭാവനയായി 5 രൂപ വീതം ശേഖരിക്കണമെന്ന തീരുമാനം വിജയകരമായി നടപ്പാക്കണം. ഈ ആഴ്ച തന്നെ ഫണ്ട് ശേഖരണം നടത്തണം. പിരിച്ച തുക 15 ന് മുൻപായി അഖിലേന്ത്യാ യൂണിയന് സർക്കിൾ യൂണിയൻ വഴി എത്തിക്കണം.

വിപുലീകൃത കേന്ദ്ര പ്രവർത്തക സമിതി യോഗ തീരുമാനങ്ങൾ ഫലപ്രദമായി കേരളത്തിൽ സംഘടിപ്പിക്കുവാനും വിജയിപ്പിക്കുവാനും സർക്കിൾ ഭാരവാഹികളും ജില്ലാ സെക്രട്ടറിമാരും മുന്നിട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.