നോൺ എക്സിക്യൂട്ടീവ് ജീവനക്കാരോട് BSNL മാനേജ്മെൻ്റ് കുറേ നാളുകളായി വിവേചനപരമായ സമീപനമാണ് സ്വീകരിച്ചുവരുന്നത്. നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ലഭിക്കുന്ന പരിമിതമായ പ്രമോഷൻ പോലും നിഷേധിക്കുന്നതരത്തിൽ മത്സരപരീക്ഷകൾ യഥാസമയം നടത്താതെ നീട്ടികൊണ്ടുപോവുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി മത്സരപരീക്ഷകൾ നടത്തണമെന്ന ആവശ്യം ഉന്നയിച്ച് BSNL എംപ്ലോയീസ് യൂണിയൻ മുട്ടാത്ത വാതിലുകളില്ല. റീസ്ട്രക്ച്ചറിംഗിൻ്റെ പേരുപറഞ്ഞാണ് JTO, JAO, JE, TT പരീക്ഷകൾ നടത്തുവാൻ തയ്യാറാവാത്തത്. എന്നാൽ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് യഥാസമയം പ്രമോഷൻ നൽകുന്നതിനാവശ്യമായ നടപടികൾ വളരെ വേഗത്തിൽ സ്വീകരിച്ച് മാനേജ്മെൻ്റ് മുന്നോട്ട് പോകുകയാണ്. എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പ്രമോഷൻ നൽകുന്നതിനെ നമ്മൾ എതിർക്കുന്നില്ല. അതേസമയം എന്തുകൊണ്ട് നോൺ എക്സിക്യൂട്ടീവ് ജീവനക്കാരെ അവഗണിക്കുന്നു എന്ന ചോദ്യമാണ് നമ്മൾ ഉയർത്തുന്നത്. നോൺ എക്സിക്യൂട്ടീവ് ജീവനക്കാർ അധികപ്പറ്റാണെന്നും എക്സിക്യൂട്ടീവ് ജീവനക്കാരെകൊണ്ട് മാത്രം കമ്പനി പ്രവർത്തിപ്പിക്കാൻ കഴിയും എന്ന ധാരണയാണ് അധികാരികൾക്കുള്ളത്. ഇതിനെതിരെ അതിശക്തമായി പ്രതികരിച്ചുകൊണ്ട് യൂണിയൻ CMD ക്ക് കത്ത് നൽകി. ഇതുകൊണ്ട് പ്രശ്‍നം പരിഹരിക്കുമെന്ന് കരുതുന്നില്ല. നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ സംഘടനകൾ ഒന്നിച്ച് അണിനിരന്ന് അധികാരികളുടെ ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ നിലപാടിനെതിരെ ശക്തമായി പ്രതികരിക്കാൻ തയ്യാറാകണം.