അഖിലേന്ത്യാ സമ്മേളനം – കോയമ്പത്തൂർ
പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെയും ബിഎസ്എൻഎല്ലിനെ സംരക്ഷിക്കാനും യോജിച്ച പ്രക്ഷോഭം വളർത്തിയെടുക്കാൻ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ മുൻകൈയെടുക്കുമെന്ന് അഖിലേന്ത്യാ സമ്മേളനം പ്രഖ്യാപിച്ചു . ബിഎസ്എൻഎല്ലിനെ സംരക്ഷിക്കാനും ശമ്പള പരിഷ്ക്കരണം ഉൾപ്പെടെയുള്ള ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാനും തുടർ പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം ചെയ്തുകൊണ്ട് ജൂലൈ 22, 23 തിയ്യതികളിൽ കോയമ്പത്തൂരിൽ നടന്ന അഖിലേന്ത്യാ സമ്മേളനം സമാപിച്ചു.
ജൂലൈ 22ന് രാവിലെ 9 മണിക്ക് അഖിലേന്ത്യാ പ്രസിഡൻ്റ് അനിമേഷ് മിത്ര ദേശീയ പതാകയും അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി പി. സമ്പത്ത് റാവു സംഘടനയുടെ രക്തപതാകയും ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു . രക്തസാക്ഷി മണ്ഡപത്തിൽ നേതാക്കളും പ്രതിനിധികളും പുഷ്പാർച്ചന നടത്തി. സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് അനിമേശ് മിത്ര അധ്യക്ഷത വഹിച്ചു. സിഐടിയു ദേശീയ വൈസ് പ്രസിഡണ്ട് എ കെ പത്മനാഭൻ സമ്മേളനം ഉൽഘാടനം ചെയ്തു. കേന്ദ്ര സർക്കാർ തുടരുന്ന തെറ്റായ സാമ്പത്തിക നയത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങൾ തകർച്ചയെ നേരിടുകയാണെന്നും ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിന് യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്നും എകെ പത്മനാഭൻ പറഞ്ഞു. ജൂലൈ 9 ന് നടന്ന അഖിലേന്ത്യാ പണിമുടക്കം വിജയിപ്പിച്ച ബിഎസ്എൻഎൽ ജീവനക്കാരെ സഖാവ് അഭിനന്ദിച്ചു.
ഉൽഘാടന സമ്മേളനത്തിൽ മുൻ എംപി പിആർ നടരാജൻ, സിഐടിയു സംസ്ഥാന പ്രസിഡൻ്റ് എ സൗന്ദരരാജൻ , ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സ്ഥാപക ജനറൽ സെക്രട്ടറി വിഎഎൻ നമ്പൂതിരി, എഐബിഡിപിഎ ജനറൽ സെക്രട്ടറി കെ ജി ജയരാജ് എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു . ബിഎസ്എൻഎൽ മേഖലയിലെ വിവിധ സംഘടനാ നേതാക്കളായ ചന്ദേശ്വർ സിംഗ് (NFTE ) ജെറാൾഡ് (AIGETOA ), എം എസ് അഡസൂൾ (SNEA), വൈരമണി (SEWA BSNL), ജോൺ വർഗ്ഗീസ് (Dy GS) എന്നിവർ സംസാരിച്ചു. എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി പി അഭിമന്യു സ്വാഗതം പറഞ്ഞു. ഉൽഘാടന സമ്മേളനം 2.00 മണി വരെ നീണ്ടു നിന്നു.
ഉച്ചയ്ക്ക് ശേഷം പ്രതിനിധി സമ്മേളനം ആരംഭിച്ചു. 299 പ്രതിനിധികളും 152 നിരീക്ഷകരും 54 അഖിലേന്ത്യാ പ്രതിനിധികളും 11 മഹിളാ കമ്മറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു. കേരളത്തിൽ നിന്നും 35 പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
സ. അനിമേശ് മിത്ര, കെ.രമാദേവി, എന്നിവരങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. എം.വിജയകുമാർ , ശ്രീധര സുബ്രമണ്യൻ, അനിമേശ് മിത്ര എന്നിവരടങ്ങിയ പ്രമേയം കമ്മറ്റിയും പ്രകാശ് ശർമ്മ, സി.കെ. ഗുണ്ടണ്ട, സിസിർ റോയ് എന്നിവരടങ്ങിയ മിനുറ്റ്സ് കമ്മറ്റിയും , പി സമ്പത്ത് റാവ്, എച്ച് വി സുദർശൻ, എസ്.ചെല്ലപ്പ എന്നിവരടങ്ങിയ ഭരണഘടന ഭേദഗതി കമ്മറ്റിയും സമ്മേളനത്തിന്റെ ഭാഗമായി പ്രവർത്തിച്ചു.
ജനറൽ സെക്രട്ടറി പി. അഭിമന്യു പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഇർഫാൻ ബാഷ വരവു ചിലവു കണക്കകളും അവതരിപ്പിച്ചു.
32 സർക്കിളുകളിൽ നിന്നായി 85 സഖാക്കൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. വിമർശന – സ്വയം വിമർശനപരമായ ചർച്ചകൾ നടന്നു. കേരളത്തിൽ നിന്നും സർക്കിൾ സെക്രട്ടറി എം.വിജയകുമാർ , ഓർഗനൈസിംഗ് സെക്രട്ടറി പി മനോഹരൻ , മഹിളാ കമ്മറ്റി കൺവീനറും അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറിയുമായ കെ എൻ ജ്യോതിലക്ഷ്മി , സർക്കാർ മഹിളാ കമ്മറ്റി കൺവീനർ കെ രേഖ, സർക്കിൾ ട്രഷറർ ആർ രാജേഷ്‌കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. ശമ്പള പരിഷ്ക്കരണം നേടിയെടുക്കാൻ ശക്തമായ ഇടപെടൽ നടത്തണമെന്നും 4ജി സേവനം മെച്ചപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ വഴി ബിഎസ്എൻഎൽ ആസ്തികൾ വിൽക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മൊബൈൽ രംഗത്തെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും എഫ്ടിടിഎച്ച് ഉൾപ്പെടെയുള്ള സേവനങ്ങൾ മെച്ചപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കസ്റ്റമർ സർവ്വീസ് സെന്റർ ഔട്ട്സോർസിംഗ്,
റീസട്രക്ചർ നടപടികൾ, റിക്രൂറ്റ്മെന്റ് നടത്തുക, മൽസര പരീക്ഷകൾ നടത്തുക, പുതിയ പ്രമോഷൻ പോളിസി, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ , ആഴ്ചയിൽ 5 ദിവസ ജോലി, ഇ. ഓഫീസ് പാസ്വേഡ് അനുവദിക്കൽ, മെഡിക്കൽ ഇൻഷുറൻസ് , ആശ്രിത നിയമനം , GTI 50 ലക്ഷമാക്കുക, തുടങ്ങിയ വിഷയങ്ങളും കേരള പ്രതിനിധികൾ ഉന്നയിച്ചു
എയുഎബി ശക്തിപ്പെടുത്തി കൊണ്ട് വിവിധ വിഷയങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്നും കരാർ തൊഴിലാളി സംഘടനാ പ്രവർത്തനം മെച്ചപ്പെടുത്താൻ ഇടപെടണമെന്നും ആവശ്യമുയർന്നു.
പ്രതിനിധികളുന്നയിച്ച വിവിധ വിഷയങ്ങൾക്കും വിമർശനങ്ങൾക്കും ജനറൽ സെക്രട്ടറി വിശദമായ മറുപടി പറഞ്ഞു. അതിനു ശേഷം റിപ്പോർട്ടും വരവു ചിലവു കണക്കുകളും സമ്മേളനം അംഗീകരിച്ചു.
പുതിയ ഭാരവാഹികളായി എം വിജയകുമാർ (പ്രസിഡൻ്റ്) അനിമേഷ് മിത്ര (ജനറൽ സെക്രട്ടി), ഗണേഷ് ഹിങ്കേ (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി) ഇർഫാൻ ബാഷ ( ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, 4 ജി സേവനം മെച്ചപ്പെടുത്തുക, 5ജി ആരംഭിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക, ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, 4 ജി സേവനം മെച്ചപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
രണ്ടു ദിവസത്തെ സമ്മേളനം സംഘാടക മികവു കൊണ്ടും ചർച്ചകൾ കൊണ്ടും മികവുറ്റതായിരുന്നു. അഖിലേന്താ സമ്മേളനം ഏറ്റെടുത്ത് വിജയമാക്കിയ തമിഴ്നാട്, ചെന്നൈ സർക്കിൾ യൂണിയനുകളെ പ്രത്യേകം അഭിനന്ദിക്കുന്നു.