ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം 2023 തീർച്ചയായും പ്രക്ഷുബ്ധമായ വർഷമായിരുന്നു. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം ബിഎസ്എൻഎല്ലിന് 4ജി, 5ജി സേവനങ്ങൾ സമയബന്ധിതമായി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.ഇത് സ്വകാര്യ ടെലികോം കമ്പനികളുമായുള്ള മത്സരത്തിൽ ബിഎസ്എൻഎലിനെ പിന്നോട്ടടിച്ചു. ഇതിന്റെ ഫലമായി പ്രതിമാസം ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ബിഎസ്എൻഎല്ലിന് നഷ്ടമായത്. ജീവനക്കാരുടെ കടുത്ത എതിർപ്പ് അവഗണിച്ച് ബിഎസ്എൻഎല്ലിന്റെ 6,000 കോടി രൂപയുടെ ആസ്തിയായ ALTTC കേന്ദ്ര സർക്കാർ കവർന്നെടുത്തു. അതേസമയം, BSNL-നെ സംരക്ഷിക്കുന്നതിനായി 2023-ൽ നിരവധി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ജോയിന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ വമ്പിച്ച ധർണ, രാജ്യത്താകമാനം മനുഷ്യച്ചങ്ങല പരിപാടികൾ, സംസ്ഥാന രാജ്ഭവനുകളിലേക്കുള്ള മാർച്ച് തുടങ്ങിയവ കഴിഞ്ഞ വർഷം സംഘടിപ്പിക്കപ്പെട്ടു. എയുഎബിയുടെ പ്രവർത്തനങ്ങളിലെ പുനരുജ്ജീവനത്തിനും 2023 സാക്ഷ്യം വഹിച്ചു. 2024 ൽ ജീവനക്കാരുടെ യോജിച്ച പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാകുമെന്ന് ഉറപ്പാണ്. കൂടാതെ തൊഴിലാളി വർഗ്ഗത്തിന്റെ മുന്നേറ്റവും നമുക്ക് പ്രതീക്ഷിക്കാം. ഈ പ്രതീക്ഷയോടെ നമുക്ക് 2024 നെ വരവേൽക്കാം.
പുതുവൽസരാശംസകൾ.