രാജ്യത്തെ ഏറ്റവും വലിയ ലാൻഡ്‌ലൈൻ ടെലിഫോൺ സേവന ദാതാവായി റിലയൻസ് ജിയോ മാറി. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ പിന്തള്ളിയാണ് ജിയോയുടെ മുന്നേറ്റം. രാജ്യത്ത് ടെലികോം സേവനങ്ങൾ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു സ്വകാര്യ ഓപ്പറേറ്റർ വയർലൈൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്നത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഗസ്റ്റിലെ കണക്കനുസരിച്ച്, ജിയോയുടെ ലാൻഡ്‌ലൈൻ വരിക്കാരുടെ എണ്ണം 73.5 ലക്ഷത്തിലെത്തി. ബിഎസ്എൻഎല്ലിൻ്റെത് 71.3 ലക്ഷമാണ്. ജിയോ ലാൻഡ്‌ലൈൻ സേവനം ആരംഭിച്ചത് മൂന്ന് വർഷം മുമ്പ് മാത്രമാണ്.

ലാൻഡ്‌ലൈൻ വിപണി വിഹിതം

റിലയൻസ് ജിയോ – 28.3 ശതമാനം(73.5 ലക്ഷം)
ബിഎസ്എൻഎൽ -27.5 ശതമാനം(71.3 ലക്ഷം)
ഭാരതി എയർടെൽ – 23.9 ശതമാനം
എംടിഎൻഎൽ – 10 ശതമാനം
വോഡഫോൺ ഐഡിയ – 7.8 ശതമാനം

ലാൻ്റ് ലൈൻ മേഖലയിൽ ജൂലൈയിലെ വരിക്കാരുടെ എണ്ണം 2.56 കോടിയിൽ നിന്ന് ഓഗസ്റ്റിൽ 2.59 കോടിയായി ഉയർന്നു. വളർച്ചയിൽ സ്വകാര്യ മേഖലയുടെ ആധിപത്യം വ്യക്തമാണ്. ജിയോ 2.6 ലക്ഷം ഉപഭോക്താക്കളും, ഭാരതി എയർടെൽ 1.2 ലക്ഷവും, വോഡാഫോൺ ഐഡിയ (VI) 4,202 ഉം, ടാറ്റ ടെലസർവീസ് 3,769 ഉപയോക്താക്കളെയും അധികം നേടി. അതേ സമയം പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എൻഎൽ 15734 എംടിഎൻഎൽ 13395 എന്നിങ്ങനെ ലാൻ്റ് ലൈൻ ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. പൊതുമേഖലാ ടെലികോം കമ്പനികളെ ബോധപൂർവ്വം തകർത്തു കൊണ്ട് സ്വകാര്യ ടെലികോം കമ്പനികൾക്ക് വളരാൻ അവസരം നൽകുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.