ഗോതമ്പ്, പാചക എണ്ണ, എൽപിജി ഗ്യാസ് തുടങ്ങി എല്ലാ അവശ്യസാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്. സർക്കാരിൻ്റെ തന്നെ സ്ഥിതിവിവരക്കണക്കുകൾ ഇതിന് തെളിവാണ്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിനെ ഉദ്ധരിച്ച്, 2022 മെയ് 13 ലെ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് റീട്ടെയിൽ പണപ്പെരുപ്പം 7.8% ൽ എത്തിയിരിക്കുന്നു. ഇത് 8 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. മൊത്തവില സൂചിക (WPI) ഒമ്പത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 15.1% എത്തിയിരിക്കുന്നു. WPI പണപ്പെരുപ്പം 31 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി. 1981-82 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്. ഗോതമ്പിൻ്റെ വിലയിൽ 10.7 ശതമാനവും പച്ചക്കറികൾക്ക് 23.2 ശതമാനവും മറ്റു ആവശ്യ ഉൽപന്നങ്ങളുടെ വില 10.9 ശതമാനവും വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഈ കണക്കുകളെല്ലാം തെളിയിക്കുന്നത് വിലക്കയറ്റം സാധാരണക്കാരൻ്റെ നട്ടെല്ലൊടിക്കുന്നു എന്നാണ്.

സംശയമില്ല, പെട്രാളിയം ഉൽപ്പന്നങ്ങളുടെ വിലയിലെ വർദ്ധനവ് തന്നെയാണ് എല്ലാ ഉൽപ്പന്നങ്ങളുടെയും വില വർദ്ധിക്കാൻ മൂലകാരണം. എന്നാൽ, ഇതിൻ്റെ ന്യായീകരണമായി സർക്കാർ ഉന്നയിക്കുന്നത് അന്താരാഷ്ട്ര മാർക്കറ്റിൽ പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില വർധനവും റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൻ്റെ സാഹചര്യവുമാണ്. തീർച്ചയായും യുദ്ധം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിൽ സ്വാധീനം ചെലുത്തുന്നു. പക്ഷേ, അതൊന്നുമല്ല പ്രധാന കാരണം. പെട്രോളിയം ഉൽപന്നങ്ങൾക്കുമേൽ മോദി സർക്കാർ ചുമത്തിയ എക്സൈസ് തീരുവയുടെ അഭൂതപൂർവമായ വർദ്ധനയാണ് പ്രധാന കാരണം.
2021 ൽ ബിജെപിയുടെ എംപിയായ ഡോ.സുബ്രഹ്മണ്യൻ സ്വാമി പരിഹാസരൂപേണ പറഞ്ഞത്
രാമൻ്റെ ഇന്ത്യയിൽ പെട്രോൾ വില ലിറ്ററിന് 93/- രൂപയും രാവണൻ്റെ ശ്രീലങ്കയിൽ 51/- രൂപയും സീതയുടെ നേപ്പാളിൽ 20/- രൂപയും എന്നാണ്. പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുതിച്ചുയരുകയാണെന്ന് സുബ്രഹ്മണ്യൻ സ്വാമിയുടെ പരിഹാസം തെളിയിക്കുന്നു. ഇന്ത്യയിലെ വിലക്കയറ്റം അസംസ്‌കൃത എണ്ണയുടെ അന്താരാഷ്‌ട്ര വില മൂലമല്ല, മറിച്ച് അമിതമായ എക്‌സൈസ് തീരുവ ചുമത്തുന്നത് കൊണ്ടാണ് ഉണ്ടാവുന്നതെന്ന് വ്യക്തമാണ്.

മോദി സർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച കണക്കുകൾ ഇത് ശരിവെക്കുന്നു. 2021 ഡിസംബർ 14ന്,
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ച രേഖ വ്യക്തമാകുന്നത് കഴിഞ്ഞ
3 സാമ്പത്തിക വർഷങ്ങളിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും നികുതിയിൽ നിന്ന് ഏകദേശം 8.02 ലക്ഷം കോടി രൂപ വരുമാനം ലഭിച്ചു എന്നാണ്.

2021 സാമ്പത്തിക വർഷത്തിൽ മാത്രം 3.71 ലക്ഷം കോടി രൂപയിലധികം ഈയിനത്തിൽ സമാഹരിച്ചു. 2013-ൽ പെട്രോളിനും ഡീസലിനും നികുതിയായി പിരിച്ചെടുത്തത് 52,573 കോടി രൂപയാണ്. ഇതിൽ നിന്നും നികുതിയിൽ ഉണ്ടായ ഭീമമായ വർദ്ധനവ് മനസ്സിലാകും.

വിമർശനങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ 2022 മെയ് 20-ന് സർക്കാർ എക്സൈസ് തീരുവയിൽ ചെറിയ കുറവു വരുത്താൻ തയ്യാറായി. പെട്രോൾ ലിറ്ററിന് 8 രൂപയും ഡീസൽ ലിറ്ററിന് 6 രൂപയും കുറവു വരുത്തി. ഇത് നാമ മാത്രമായ കുറവാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉള്ളതാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന സർക്കാരെങ്കിൽ പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ നികുതി ഗണ്യമായി കുറയ്ക്കണം. അതുവഴി നിത്യാപയോഗ സാധനങ്ങൾ ഉൾപ്പെടെ രാജ്യത്തെ വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയുകയുള്ളു.