രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനി ലോക്ക്ഡൗണ്‍ തുടങ്ങിയതുമുതലുള്ള ദിവസങ്ങളില്‍ ഓരോമണിക്കൂറിലും ശരാശരി സമ്പാദിച്ചത് 90 കോടി രൂപ. 

തുടര്‍ച്ചയായി ഒമ്പതാമത്തെ വര്‍ഷമാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി അദ്ദേഹം തുടരുന്നത്. ഈവര്‍ഷത്തെ ആസ്തിയിലുണ്ടായ വര്‍ധന 2,77,000 കോടി രൂപയാണ്. ഇതോടെ മൊത്തം സമ്പത്ത് 6,58,000 കോടിയായി ഉയര്‍ന്നു. വെല്‍ത്ത് ഹൂറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2020ലാണ് ഇക്കാര്യമുളളത്. 

ലോക്ക്ഡൗണ്‍ കാലയളവില്‍ മറ്റുകമ്പനകള്‍ അതിജീവനത്തിനുള്ള വഴികള്‍തേടുമ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ കടരഹിത കമ്പനിയാക്കുകയെന്ന ലക്ഷ്യം നേരത്തെ പൂര്‍ത്തീകരിക്കാന്‍ അംബാനിക്കുകഴിഞ്ഞു. 20 ബില്യണ്‍ ഡോളറാണ് ഈ കാലയളവില്‍ അദ്ദേഹം സമാഹരിച്ചത്. 

ഭാവിയില്‍ വളര്‍ച്ചാസാധ്യതകളുള്ള ടെക്, റീട്ടെയില്‍ എന്നീമേഖലകളിലേയ്ക്ക് ഇതിനകം മുകേഷ് അംബാനി ചുവടുമാറ്റിക്കഴിഞ്ഞു. ചൈനയിലെ ആലിബാബയെപ്പോലെ ഇ-കൊമേഴ്‌സ് മേഖല പിടിച്ചടക്കുകയാണ് അദ്ദേഹത്തിന്റെ അടുത്തലക്ഷ്യം.