സിഎംഡി ബിഎസ്എൻഎൽ 24.05.2024-ന് അംഗീകൃത യൂണിയനുകളുടെ യോഗം വിളിച്ചു ചേർത്തു.

യോഗത്തിൽ സിഎംഡി യെ കൂടാതെ ശ്രീമതി.അനിതാ ജോഹ്‌രി (പി.ജി.എം ) പങ്കെടുത്തു.
BSNLEU, NFTE, SNEA, AIGETOA, SEWA BSNL & BTEU യൂണിയനുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ ബിഎസ്എൻഎൽഇയുവിനെ പ്രതിനിധീകരിച്ച് സഖാക്കൾ അനിമേഷ് മിത്ര, സി കെ ഗുണ്ടണ്ണ എന്നിവർ പങ്കെടുത്തു.

എല്ലാ പ്രതിനിധികളെയും സിഎംഡി സ്വാഗതം ചെയ്തു. ബിഎസ്എൻഎല്ലിൻ്റെ ഏറ്റവും പുതിയ സാഹചര്യത്തെക്കുറിച്ച് സിഎംഡി ഒരു മണിക്കൂറിലധികം സംസാരിച്ചു. ബിഎസ്എൻഎൽ ജീവനക്കാർക്ക് മാർഗനിർദേശം നൽകാനും മേൽനോട്ടത്തിനും നിരീക്ഷണത്തിനും ബിസിജി ഗ്രൂപ്പിനെ നിയമിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

കൺസൾട്ടൻസി ഗ്രൂപ്പുകളുടെ അനുഭവം BSNL-ൻ്റെ പുരോഗതിക്ക് വേണ്ടത്ര ഫലം നൽകിയിട്ടില്ലെന്ന് BSNLEU തുടക്കത്തിൽ തന്നെ അറിയിച്ചു. ബിഎസ്എൻഎല്ലിൻ്റെ പുരോഗതിക്കായി ഒരു പുറം കമ്പനിയെ വീണ്ടും നിയമിക്കുന്നതിലുള്ള ശക്തമായ പ്രതിഷേധം സംഘടന രേഖപ്പെടുത്തി. ഈ സാമ്പത്തിക വർഷം വരുമാനം വർധിച്ചുവെന്നും നഷ്ടം കുറഞ്ഞെന്നും മാനേജ്മെൻ്റ് അവകാശപ്പെടുമ്പോൾ, BCG ഗ്രൂപ്പിനെ നിയമിക്കേണ്ടതിൻ്റെ ആവശ്യകത എന്താണെന്ന ചോദ്യവും BSNLEU യോഗത്തിൽ ഉന്നയിച്ചു. ബിസിജി ഗ്രൂപ്പിനെ നിയമിക്കുന്നതിലൂടെ ജോലികൾ ഔട്ട്‌സോഴ്‌സിംഗ് ചെയ്യുന്നതിനും വീണ്ടും വിആർഎസ് നടപ്പാക്കുന്നതിനുമുള്ള മാനേജ്‌മെൻ്റിൻ്റെ മറഞ്ഞിരിക്കുന്ന അജണ്ടയിൽ ബിഎസ്എൻഎൽഇയു പ്രതിഷേധം രേഖപ്പെടുത്തി.

4 ജി നടപ്പാക്കുന്നതിലുള്ള മെല്ലപ്പോക്കാൽ എംപ്ലോയീസ് യൂണിയൻ അതൃപ്തി അറിയിക്കുകയും, BSNL-ൻ്റെ മികച്ച പ്രകടനത്തിനായി നിലവിലുള്ള ജീവനക്കാരെ പൂർണ്ണമായും ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. BSNL-ൻ്റെ 4ജി നെറ്റ് വർക്ക് പൂർത്തിയാകാത്തതിനാൽ BSNL സേവനം പരിതാപകരമാണ്. ഇന്നത്തെ സാഹചര്യം മറികടക്കാൻ ബിസിജി ഗ്രൂപ്പിന് കഴിയില്ല. ജീവനക്കാർക്കും മാനേജ്‌മെൻ്റിനും മാത്രമേ ഈ സാഹചര്യം മറികടക്കാൻ കഴിയൂ.

ശമ്പള പരിഷ്ക്കരണം നടപ്പാക്കാൻ പണമില്ലാത്തപ്പോൾ 132 കോടി രൂപ ചെലവിട്ട് ബിസിജി ഗ്രൂപ്പിനെ എന്തിന് നിയമിക്കുന്നു എന്ന മറ്റൊരു ചോദ്യവും ബിഎസ്എൻഎൽഇയു ഉന്നയിച്ചു. ഇതിനായി ബിസിജി ഗ്രൂപ്പുമായി പ്രത്യേക യോഗം ചേരാമെന്ന് സിഎംഡി ബിഎസ്എൻഎൽ അറിയിച്ചു. അവിടെ യൂണിയനുകൾക്കും അസോസിയേഷനുകൾക്കും ബിസിജി ഗ്രൂപ്പിൻ്റെ പ്രകടനത്തെക്കുറിച്ച് അവരുടെ ആശങ്കകൾ അറിയിക്കാമെന്നും സിഎംഡി അറിയിച്ചു. .

ശമ്പള പരിഷ്ക്കരണം കാലതാമസം കൂടാതെ നടപ്പാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാ യൂണിയനുകളും അസോസിയേഷനുകളും സിഎംഡിയോട് അഭ്യർത്ഥിച്ചു. അതുവഴി മാത്രമേ BSNL-ൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ തൊഴിലാളികൾ മികച്ച പ്രകടനം നടത്തുകയുള്ളു.