ഗതികേടോ, സുവർണാവസരമോ; 5ജിക്കായി ബിഎസ്എൻഎൽ ജിയോയുടെ സഹായം തേടുന്നു
അടുത്ത വർഷം ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത് ബിഎസ്എൻഎൽ (BSNL) 5ജി സേവനങ്ങൾ ആരംഭിക്കണം”- രാജ്യത്തെ ഒരേയൊരു പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎല്ലിന് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന ഉത്തരവാണിത്. സ്വകാര്യ കമ്പനികൾ രാജ്യത്ത് 5ജി സേവനങ്ങളിലേക്ക് കടന്നിട്ടും സർക്കാർ പിന്തുണയുള്ള ബിഎസ്എൻഎല്ലിന് 2ജി വേഗത പോലും ഭൂരിഭാഗം പ്രദേശങ്ങളിലും നൽകാൻ കഴിയുന്നില്ല. അത് സർക്കാരിനും ഏറെ നാണക്കേട് ഉണ്ടാക്കിയതു കൊണ്ടുകൂടിയാകാം സർക്കാർ ഇത്തരമൊരു നിർദേശം ബിഎസ്എൻഎല്ലിന് നൽകിയിരിക്കുന്നത്. എന്നാൽ നിർദേശം നൽകുന്നതിനപ്പുറം അത് നിറവേറ്റാൻ ആവശ്യമായ പിന്തുണയും സഹായവും ബിഎസ്എൻഎല്ലിന് കിട്ടുന്നുണ്ടോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കേന്ദ്രം നൽകിയിരിക്കുന്ന നിർദേശങ്ങൾ ബിഎസ്എൻഎല്ലിൻ്റെ മുന്നോട്ടുള്ള നീക്കങ്ങൾക്ക് തടയിടുന്നതാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാ പൂട്ടിക്കെട്ടിയ ശേഷം ഭക്ഷണം കഴിക്കാൻ പറയുന്നതുപോലെയാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയശേഷം ബിഎസ്എൻഎല്ലിനോട് 5ജി വേണമെന്ന് ആവശ്യപ്പെടുന്നത് എന്നാണ് ആക്ഷേപം. 5ജി നടപ്പാക്കണമെങ്കിൽ അതിന് മുമ്പ് 4ജി നടപ്പാക്കേണ്ടതുണ്ട്. എന്നാൽ ഇതിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കാൻ വിദേശ കമ്പനികളെ ആശ്രയിക്കരുത് എന്നാണ് ബിഎസ്എൻഎല്ലിനോട് നിർദേശിച്ചിരിക്കുന്നത്.
4ജി സേവനങ്ങൾ രാജ്യമെങ്ങും സജ്ജമാക്കാൻ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS), തേജസ് നെറ്റ്‌വർക്കുകൾ, സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DoT) കൺസോർഷ്യം എന്നിവരെയാണ് ബിഎസ്എൻഎൽ ആശ്രയിച്ചിരുന്നത്. എന്നാൽ ഈ കമ്പനികളുമായുള്ള സഹകരണം വൻ ചെലവ് ആണ് ബിഎസ്എൻഎല്ലിന് ഉണ്ടാക്കുന്നത്. 4ജി സേവങ്ങൾ ഉറപ്പാക്കുന്നതിൽ സഹായിക്കാൻ വളരെ ഉയർന്ന തുക ഈടാക്കുന്നു എന്നാണ് ബിഎൻഎൻഎല്ലിൻ്റെ പരാതി. രാജ്യത്തുടനീളമുള്ള 1,00,000 ടവറുകൾ 4G യിലേക്ക് നവീകരിക്കാൻ ആണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്. എന്നാൽ വൻ ചെലവ് വരുത്തുന്ന മറ്റു കമ്പനികളെ കൈയൊഴിഞ്ഞതോടെ 4ജി സേവനങ്ങൾ നൽകാൻ ഇന്ത്യൻ ടെലികോം രംഗത്തെ വമ്പനായ റിലയൻസ് ജിയോയുടെ സഹായം തേടാൻ ബിഎസ്എൻഎൽ നിർബന്ധിതരായിരിക്കുകയാണ്. വിദേശത്തു നിന്നുള്ള കമ്പനികളുടെ സഹായം തേടുന്നതിൽ കേന്ദ്രത്തിൻ്റെ വിലക്ക് നിലനിൽക്കുന്നതാണ് ബിഎസ്എൻഎല്ലിനെ കുഴക്കുന്നത്.
രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ജിയോ. അതിനു മുന്നോടിയായുള്ള നടപടികളും ആരംഭിച്ചു. ഇതിനിടെ ജിയോ വികസിപ്പിച്ച ഇപിസി (ഇവോൾവ്ഡ് പാക്കറ്റ് കോർ, 4ജി) യുടെ സഹായം തേടാനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്. 4ജി സേവനങ്ങൾ മറ്റ് കമ്പനികളുമായി പങ്കുവയ്ക്കാൻ ഇതുവഴി ജിയോയ്ക്ക് സാധിക്കും. ഈ സാധ്യത ഉപയോഗപ്പെടുത്തി ആദ്യം 4ജിയും പിന്നീട് 5ജിയും നൽകാനാണ് ബിഎസ്എൻഎൽ നീക്കം. ടാറ്റ ഗ്രൂപ്പിൻ്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഓരോ ബിഡ്ഡിനും 20,000 കോടി രൂപയാണ് നിശ്ചയിച്ചത്. എന്നാൽ ബിഎസ്എൻഎൽ നടത്തിയ വിലയിരുത്തലിൽ ബിഡ്ഡിന് പരമാവധി 17,000 കോടിവരെ മാത്രമാണ് ചെലവാക്കാനാകുക. തുടർന്നാണ് ടാറ്റ കൺസോർഷ്യം ഉൾപ്പെടെയുള്ളവരെ ഒഴിവാക്കി 4ജി വിതരണം ഒരുക്കാൻ മറ്റു വഴികൾ തേടാൻ ബിഎസ്എൻഎൽ നിർബന്ധിതമായത്. എതിരാളിയാണെങ്കിലും ജിയോയുമായി ബിഎസ്എൻഎൽ 5ജി വിതരണത്തിൽ കൈകോർക്കാനാണ് ഇപ്പോൾ സാധ്യത കൂടുതലുള്ളത്.
സാധ്യമായ എല്ലാ വഴികളും നോക്കുന്ന ബിഎസ്എൻഎല്ലിന് ജിയോയെ ആശ്രയിക്കാതെ നിലവിൽ മറ്റ് മാർഗങ്ങളില്ല. ഭാവിയിൽ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാവുന്നവയാണ് ജിയോയുടെ ഇപിസി സംവിധാനം. അതും ബിഎസ്എൻഎല്ലിനെ ജിയോയിലേക്ക് അടുപ്പിക്കുന്നുണ്ട്. നിലവിൽ മറ്റ് മാർഗങ്ങൾ അന്വേഷിച്ച് പോകുന്നത് ബിഎസ്എൻഎല്ലിൻ്റെ 5ജി, 4ജി സേവനങ്ങൾ ആരംഭിക്കുന്നതിനെ വീണ്ടും വൈകിപ്പിക്കും. ഇപ്പോൾ തന്നെ ടെലികോം രംഗത്ത് ബിഎസ്എൻഎല്ലിന് തിരിച്ചടികളുടെ പരമ്പരയാണ്.
അടുത്ത വർഷത്തോടെ ജിയോയും എയർടെല്ലും രാജ്യത്ത് 5ജി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോൾ 2ജി വേഗവുമായി പിടിച്ചുനിൽക്കാൻ ബിഎസ്എൻഎല്ലിന് കഴിയുമോ എന്നത് സംശയമാണ്. ഇപ്പോഴും നെറ്റ്‌വർക്ക് കവറേജ് ലഭ്യമല്ലാത്ത ആയിരക്കണക്കിന് ഗ്രാമങ്ങൾ ഇന്ത്യയിലുണ്ട്. വമ്പൻ ടെലിക്കോം കമ്പനികൾക്ക് താൽപര്യമില്ലാത്ത ഈ ഗ്രാമങ്ങളുടെയെല്ലാം പ്രതീക്ഷ ബിഎസ്എൻഎല്ലിലാണ്.
ബിഎസ്എൻഎൽ നിലനിൽക്കേണ്ടത് ഈ രാജ്യത്തെ ഓരോ സാധാരണക്കാരൻ്റെയും ആവശ്യം കൂടിയാണ്. അതിനാൽത്തന്നെ ബിഎസ്എൻഎല്ലിന് 4ജി, 5ജി സേവനങ്ങളിലേക്ക് കടക്കാൻ ആവശ്യമായ പരമാവധി സഹായങ്ങൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകണം എന്നതാണ് രാജ്യമെങ്ങും ഉയരുന്ന ആവശ്യം. എന്തായാലും അടുത്ത വർഷത്തോടെ എങ്കിലും ബിഎസ്എൻഎൽ നന്നാകാൻ തയാറായില്ലെങ്കിൽ ജനം കൈയൊഴിയുമെന്നത് ഏതാണ്ട് ഉറപ്പാണ്.
(കടപ്പാട് – Gizbot Malayalam )
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു