സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ബിഎസ്എൻഎല്ലിൻ്റെ 4ജി സേവനം ഉദ്ഘാടനം ചെയ്യുമെന്നും അതിനുശേഷം 2022 ഡിസംബറോടെ ബിഎസ്എൻഎൽ അതിൻ്റെ അഖിലേന്ത്യാ തലത്തിലുള്ള 4ജി സേവനം ആരംഭിക്കുമെന്നും ഇതിനോടകം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ബിഎസ്എൻഎൽ എപ്പോൾ 4ജി സേവനം ആരംഭിക്കുമെന്നത് ഇപ്പോഴും ചോദ്യമായി അവശേഷിക്കുന്നു. ഒരുപാട് അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നു. ടിസിഎസ് ബിഎസ്എൻഎല്ലിന് 4ജി ഉപകരണങ്ങൾ നൽകുമെന്നാണ് പറയപ്പെടുന്നത്. ഇതിനായി ചണ്ഡീഗഡ്, അംബാല തുടങ്ങിയ സ്ഥലങ്ങളിൽ ടിസിഎസ് അതിൻ്റെ ടെസ്റ്റിംഗ് ആരംഭിച്ചു.2021 ഡിസംബർ 31 നകം കമ്പനി അതിൻ്റെ പ്രൂഫ് ഓഫ് കൺസെപ്റ്റ് (PoC) പൂർത്തിയാക്കേണ്ടതായിരുന്നു. പ്രൂഫ് ഓഫ് കൺസെപ്റ്റ് പൂർത്തിയാക്കുക എന്നതിനർത്ഥം, BSNL ന് 4G ഉപകരണങ്ങൾ നൽകാനുള്ള സാങ്കേതിക ശേഷി അതിന് ഉണ്ടെന്ന് തെളിയിക്കാനുള്ള TCS ൻ്റെ കഴിവാണ്. എന്നാൽ TCS-ന് നിശ്ചിത തീയതിക്കുള്ളിൽ PoC പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എന്നാൽ ടി‌സി‌എസിൻ്റെ പി‌ഒ‌സിക്ക് താൽക്കാലിക അംഗീകാരം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായി. ഈ സാഹചര്യത്തിൽ, 6,000 4ജി സൈറ്റുകൾ വാങ്ങുന്നതിനായി BSNL 2022 മാർച്ച് 31-ന് TCS-ന് പർച്ചേസിംഗ് ഓർഡർ നൽകി. പക്ഷേ, ഇന്നുവരെ ടിസിഎസ് ബിഎസ്എൻഎല്ലിൻ്റെ പർച്ചേസ് ഓർഡർ സ്വീകരിച്ചിട്ടില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. BSNL അംഗീകരിച്ച വിലയ്ക്ക് 6,000 4ജി സൈറ്റുകൾ നൽകാൻ TCS തയ്യാറല്ല. ബിഎസ്എൻഎല്ലും ടിസിഎസും തമ്മിൽ വിലപേശൽ ഇപ്പോഴും തുടരുകയാണെന്ന് മാധ്യമങ്ങളിൽ റിപ്പോർട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ചിപ്പുകളുടെ വില കുത്തനെ വർധിച്ചതും യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് ഉപകരണങ്ങളുടെ വില വർദ്ധിപ്പിക്കാൻ ടിസിഎസ് കാരണമായി പറയുന്നത്. ബിഎസ്എൻഎല്ലിൻ്റെ 4ജി സേവനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് കരുതുന്ന സ്വാതന്ത്ര്യദിനത്തിന് ഇനി ഒന്നര മാസം മാത്രം. ഈ വർഷം അവസാനത്തോടെ സ്വകാര്യ ഓപ്പറേറ്റർമാർ തങ്ങളുടെ 5ജി സേവനം ആരംഭിക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇത് ബി‌എസ്‌എൻ‌എല്ലിനും ജീവനക്കാർക്കും വലിയ തിരിച്ചടിയാകും. ബി‌എസ്‌എൻ‌എൽ ഇപ്പോഴും അതിൻ്റെ 4ജി സേവനം ആരംഭിക്കാൻ പാടുപെടുകയാണ്. അതിൻ്റെ 4ജി സേവനം ആരംഭിക്കുന്നതിലെ കാലതാമസം കാരണം, BSNL ൻ്റെ സാമ്പത്തിക സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. താമസിയാതെ അത് VRS-ന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുപോയേക്കാം. അതേസമയം, BSNL ൻ്റെ 4ജി സേവനം സൗത്ത്, വെസ്റ്റ് സോണുകളിൽ വളരെ മുമ്പുതന്നെ ആരംഭിക്കാമായിരുന്നു. ഈ രണ്ട് സോണുകളും ബിഎസ്എൻഎല്ലിൻ്റെ വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകുന്ന സ്ഥലങ്ങളാണ്. ഈ 2 സോണുകളിലെ 19,000 നോക്കിയ സൈറ്റുകൾ ഏതാനും ആഴ്ചകൾക്കുള്ളിൽ 4ജി സൈറ്റുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാമായിരുന്നു. ഏകദേശം 500 കോടി രൂപയേ ബിഎസ്എൻഎല്ലിന് ചെലവാകുമായിരുന്നുള്ളൂ. എന്തുകൊണ്ടാണ് ഇത് ചെയ്യാത്തത്, എന്തുകൊണ്ടാണ് ബിഎസ്എൻഎൽ മാനേജ്മെന്റും സർക്കാരും ടിസിഎസിന് പിന്നിൽ ഓടുന്നത്? എന്തുകൊണ്ടാണ് ബിഎസ്എൻഎല്ലിൻ്റെ 4ജി ലോഞ്ചിങ്ങിൽ ഒന്നിനുപുറകെ ഒന്നായി തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുന്നത്? രാജ്യത്തിന് ഉത്തരങ്ങൾ ആവശ്യമാണ്. ഉത്തരം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാവേണ്ടതാണ്.