കേന്ദ്ര സർക്കാരിൻ്റെയും  ബി എസ് എൻ എൽ മാനേജ്മെന്റിന്റെയും പൊതുമേഖലാ വിരുദ്ധ സമീപനത്തിൻ്റെ ഭാഗമായി BSNL  അതിഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്വകാര്യ ടെലികോം കമ്പനികൾ 5ജി സേവനമടക്കം അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ അനുദിനം നവീകരിക്കപ്പെടുമ്പോൾ 4ജി പോലും ആരംഭിക്കാൻ കഴിയാതെ പരിതാപകരമായ അവസ്ഥയിലേക്ക് ബി എസ് എൻ എൽ എത്തിച്ചേർന്നിരിക്കുന്നു. ഇതിനിടെയാണ് കമ്പനിയുടെ ഏറ്റവും വിലപിടിപ്പുള്ള ആസ്തികളായ ഒപ്റ്റിക്കൽ ഫൈബറും ടവറുകളും വിറ്റ് പണം കീശയിലാക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കം. കേന്ദ്ര സർക്കാരിൻ്റെ പൂർണ ഉടമസ്ഥതയിലായിരുന്നിട്ടും ജീവനക്കാർക്ക് പ്രതിമാസ ശമ്പളം പോലും നൽകുന്നില്ല എന്നത് മാനേജ്മെന്റിന് ജീവനക്കാരോടുള്ള ക്രൂരമായ അവഗണനയുടെ ആഴം വ്യക്തമാക്കുന്നു. അതിവേഗം വളരുന്ന ഇന്ത്യൻ ടെലികോം മാർക്കറ്റിൽ ശുഷ്ക്കമായ സാന്നിധ്യം മാത്രമാണ് ഇന്ന്  ബി എസ് എൻ എല്ലിന് ഉള്ളത്. ഈ സാഹചര്യത്തിലാണ് BSNL ന് 4G സേവനം നൽകുവാൻ അനുവദിക്കണമെന്നും, സേവനരംഗം കാര്യക്ഷമമാക്കണമെന്നും BSNL ൻ്റെ ആസ്തികൾ വിറ്റ് പണം കണ്ടെത്താനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും, ജീവനക്കാർക്ക് യഥാസമയം ശമ്പളം നൽകണമെന്നും 2017 മുതൽ ലഭിക്കേണ്ട ശമ്പള/പെൻഷൻ പരിഷ്‌ക്കരണം നടപ്പാക്കണമെന്നും ഉൾപ്പടെയുള്ള പത്തിന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാജ്യ വ്യാപകമായി പ്രക്ഷോഭത്തിലേക്ക് നീങ്ങുവാൻ BSNL ലെ ആൾ യൂണിയൻസ്/അസ്സോസിയേഷൻസ് അഖിലേന്ത്യ നേതൃത്വം തീരുമാനിച്ചത്. അതിൻ്റെ ഭാഗമായി ജൂലൈ 28 ന് രാജ്യവ്യാപകമായി ഓഫീസുകൾക്ക് മുൻപിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. കേരളത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  സമരം നടന്നു.