അടുത്തിടെ നടന്ന NFTE യുടെ ദേശീയ നിർവാഹക സമിതി യോഗത്തിൽ, എംപ്ലോയീസ് യൂണിയനെതിരെ അന്യായവും അനാവശ്യവുമായ ചില വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു പ്രമേയത്തിൽ പുതിയ പ്രമോഷൻ പോളിസി വിവേചനങ്ങൾ നിറഞ്ഞതാണെന്നും SC/ST ജീവനക്കാർക്ക് സംവരണം നിഷേധിക്കപ്പെട്ടുവെന്നും വിമർശിക്കുന്നു. ഈ പ്രമേയം NFTE അവരുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനാൽ നമ്മുടെ വിശദീകരണം ആവശ്യമാണ്.

NFTE നടപ്പിലാക്കിയ പ്രമോഷൻ സ്കീമിൽ, ജീവനക്കാർക്ക് 2 പ്രമോഷനുകൾ മാത്രമേ ലഭിച്ചിരുന്നുള്ളു- OTBP, BCR. ഒടിബിപിയിൽ ജീവനക്കാർക്ക് 16 വർഷത്തിന് ശേഷം മാത്രമാണ് ആദ്യ സ്ഥാനക്കയറ്റം ലഭിക്കുക. അതും അധിക ഇൻക്രിമെന്റ് ഇല്ലാതെ. 26 വർഷത്തിന് ശേഷമാണ് രണ്ടാം സ്ഥാനക്കയറ്റം ലഭിക്കുക. അതും അധിക ഇൻക്രിമെന്റ് ഇല്ലാതെ. എന്നാൽ എംപ്ലോയീസ് യൂണിയൻ നടത്തിയ നിരന്തരമായ പ്രക്ഷോഭത്തിന്റെ ഭാഗമായി NEPP നടപ്പിലാക്കി. അതനുസരിച്ച് ജീവനക്കാർക്ക് 4 പ്രമോഷനുകൾ ലഭിച്ചു. 4 വർഷത്തിന് ശേഷം ഒരു അധിക ഇൻക്രിമെന്റോടെയുള്ള ആദ്യ പ്രമോഷനും അടുത്ത 7 വർഷത്തിന് ശേഷം ഒരു അധിക ഇൻക്രിമെന്റോടെ രണ്ടാമത്തെ പ്രമോഷനും. അങ്ങനെ NFTE നടപ്പിലാക്കിയ പ്രൊമോഷൻ സ്കീമിൽ, ജീവനക്കാർക്ക് 26 വർഷത്തിനുള്ളിൽ 2 പ്രമോഷനുകൾ മാത്രമേ ലഭിച്ചിരുന്നുള്ളു. കൂടാതെ അധിക ഇൻക്രിമെന്റ് ഒന്നും ലഭിച്ചില്ല. എന്നാൽ എംപ്ലോയീസ് യൂണിയൻ പോരാടി നേടിയ NEPP-യിൽ, ജീവനക്കാർക്ക് 11 വർഷത്തിനുള്ളിൽ രണ്ട് അധിക ഇൻക്രിമെന്റുകളോടെ 2 പ്രമോഷനുകൾ ലഭിച്ചു. ഏതാണ് മികച്ച പദ്ധതി എന്ന് ജീവനക്കാർ തന്നെ വിലയിരുത്തട്ടെ.

DOT കാലഘട്ടത്തിൽ തന്നെ OTBP, BCR പ്രമോഷനുകളിൽ SC/ST ജീവനക്കാർക്കുള്ള സംവരണം എടുത്തുകളഞ്ഞിരുന്നു. അക്കാലത്ത് അംഗീകൃത യൂണിയനായിരുന്നു NFTE, OTBP, BCR എന്നിവയിലെ SC/ST ജീവനക്കാർക്ക് സംവരണം തിരികെ കൊണ്ടുവരാൻ NFTE യ്ക്ക് കഴിഞ്ഞില്ല. ഇന്ന് കോടതി ഉത്തരവ് പ്രകാരം, എസ്‌സി/എസ്ടി ജീവനക്കാർക്ക് പോസ്റ്റ് അടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റത്തിന് മാത്രമേ സംവരണം ലഭിക്കുകയുള്ളു. ഇത്തരം കാര്യങ്ങൾ പോലും മനസ്സിലാക്കാതെയാണ് NFTE എംപ്ലോയീസ് യൂണിയനെ വിമർശിക്കുന്നത്.