സർക്കിൾ പ്രവർത്തക സമിതി യോഗം 26.5.2022 ന് തിരുവനന്തപുരത്ത് പി&ടി ഹൗസിൽ ചേർന്നു. സർക്കിൾ പ്രസിഡന്റും അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറിയുമായ സ.പി.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സ.കെ.എൻ.ജ്യോതിലക്ഷ്മി ഉൾപ്പെടെ 27 സഖാക്കൾ യോഗത്തിൽ പങ്കെടുത്തു. BSNLEU മുൻ സർക്കിൾ സെക്രട്ടറിയും AIBDPA അസിസ്റ്റന്റ് സർക്കിൾ സെക്രട്ടറിയുമായ സ.സി.സന്തോഷ് കുമാർ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സ.കെ.എൻ. ജ്യോതിലക്ഷ്മി, AIWWCC ജോയന്റ് കൺവീനർ വി.ഭാഗ്യലക്ഷ്മി, സർക്കിൾ മഹിളാ സബ് കമ്മറ്റി കൺവീനർ ബീനാ ജോൺ എന്നിവർ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

സർക്കിൾ സെക്രട്ടറി എം.വിജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എല്ലാ പ്രവർത്തക സമിതി അംഗങ്ങളും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സംസ്ഥാന സമ്മേളനം മികച്ച രീതിയിൽ നടത്തിയ കൊല്ലം ജില്ലാ യൂണിയനെ കമ്മിറ്റി അഭിനന്ദിച്ചു. മാർച്ച് 28, 29 തീയതികളിൽ നടന്ന പണിമുടക്ക് അവലോകനം നടത്തി. പണിമുടക്കിലെ പങ്കാളിത്തം മികച്ചതായിരുന്നു. എന്നാൽ ചില ജില്ലകളിൽ പിന്നീട് ലീവ് കൊടുക്കുന്ന പ്രവണത ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അഖിലേന്ത്യാ സമ്മേളനം മികച്ച രീതിയിൽ നടത്താൻ കഴിഞ്ഞതായി കമ്മിറ്റി വിലയിരുത്തി.

BSNL 4G സേവനം, ശമ്പള പരിഷ്കരണം, AUAB പ്രക്ഷോഭം, കോർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനം, LICE പരീക്ഷകൾ, പുതിയ പ്രമോഷൻ പോളിസി, E-APAR നടപ്പാക്കുന്നതിലെ പ്രയാസങ്ങൾ, സൊസൈറ്റി ലോൺ ആവശ്യത്തിനുളള ശമ്പള സർട്ടിഫിക്കറ്റിൽ undertaking നൽകാത്ത വിഷയം, BSNL സേവനങ്ങളുടെ ഗുണനിലവാരത്തകർച്ച, ക്ലസ്റ്റർ ഔട്ട്സോഴ്സിംഗ്, CSC ഔട്ട്സോഴ്സിംഗിന്റെ ഭാഗമായി വ്യാപകമായി കണക്ഷനുകളുടെ എണ്ണത്തിൽ ഉണ്ടായ കുറവ്, കുടിശ്ശികയുള്ള IDA ലഭിക്കാൻ സംഘടന നടത്തുന്ന നിയമ പോരാട്ടങ്ങൾ , CAF Penalty തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു.

AUAB നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കാനും സർവ്വീസിന്റെ കാര്യക്ഷമത തകർക്കുന്ന നടപടികൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.